ക്രിസ്മസ് ആഘോഷവുമായി ശാന്തിദൂത് - 2k24
1488850
Saturday, December 21, 2024 5:24 AM IST
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രൽ യുവജനങ്ങളുടെ നേതൃത്വത്തിൽ വർഷങ്ങളായി നടന്നുവരുന്ന ക്രിസ്മസ് ആഘോഷമായ ശാന്തിദൂത് - 2k24 22, 23 തീയതികളിൽ നടക്കും.
നാളെ വൈകുന്നേരം 6.30ന് മഹാജൂബിലി ഹാളിൽ ശാന്തിദൂതിന്റെയും ക്രിസ്മസ് ഗ്രാമത്തിന്റെയും ഉദ്ഘാടനം കാഞ്ഞിരപ്പള്ളി രൂപത മുൻ അധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ നിർവഹിക്കും. തുടർന്ന് രാത്രി ഏഴിന് ഗാനമേള.
23നു വൈകുന്നേരം 5.30ന് പഴയപള്ളിയിൽനിന്ന് കത്തീഡ്രലിലേക്ക് മഹാറാലി നടത്തും. തുടർന്ന് നടക്കുന്ന സമ്മേളനം കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്യും. ആർച്ച് പ്രീസ്റ്റും കത്തീഡ്രൽ വികാരിയുമായ ഫാ. വർഗീസ് പരിന്തിരിക്കൽ അധ്യക്ഷത വഹിക്കും.
സിനിമാതാരം സിജു വിൽസൺ മുഖ്യാതിഥിയായിരിക്കും. രാത്രി ഏഴിന് ക്രിസ്മസ് മ്യൂസിക് നൈറ്റും കത്തീഡ്രൽ ഇടവകയിലെ 400 കലാകാരന്മാരും കലാകാരികളും അണിനിരക്കുന്ന കലാസന്ധ്യയും നടക്കും. മഹാറാലിക്ക് മാറ്റുകൂട്ടാൻ ഫ്ളോട്ടുകളും ഇടവകയിലെ കുഞ്ഞുമാലാഖമാരും ക്രിസ്മസ് പപ്പാമാരും അണിനിരക്കും. സീനിയർ, ജൂണിയർ പപ്പാ മത്സരങ്ങളും സംഘടിപ്പിക്കും. വിജയികൾക്ക് യഥാക്രമം 5001, 3001 രൂപ കാഷ് അവാർഡ് നൽകും.
കത്തീഡ്രൽ എസ്എംവൈഎം ഡയറക്ടർ ഫാ. ജോസഫ് ആലപ്പാട്ടുകുന്നേൽ, അസിസ്റ്റന്റ് വികാരി ഫാ. ജേക്കബ് ചാത്തനാട്ട്, ആനിമേറ്റർ സിസ്റ്റർ വിനീത എസ്എംസി, എസ്എംവൈഎം എക്സിക്യൂട്ടീവ് ഭാരവാഹികൾ എന്നിവർ ശാന്തിദൂതിന് നേതൃത്വം നൽകും.
കത്തീഡ്രൽ എസ്എംവൈഎം ഡയറക്ടർ ഫാ. ജോസഫ് ആലപ്പാട്ടുകുന്നേൽ, പ്രസിഡന്റ് റോൺ ആന്റണി സെബാസ്റ്റ്യൻ, ഭാരവാഹികളായി ജോജി ജോസ്, ബ്രയാൻ ബെന്നി, ആൽബിൻ വർഗീസ്, സിയാൻ ബെന്നി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.