അവധിക്കാലം ആഘോഷിക്കാൻ യാത്രാ പാക്കേജുമായി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ
1488963
Saturday, December 21, 2024 7:25 AM IST
വൈക്കം: ക്രിസ്മസ് അവധിക്കാലമെത്തിയതോടെ യാത്രാ പാക്കേജുകളുമായി വൈക്കം കെഎസ്ആർടിസി ബജറ്റ് ടൂറിസംസെൽ.ക്രിസ്മസ് അവധിക്കാലം ആരംഭിച്ച ആദ്യ ദിവസം തന്നെ മലക്കപ്പാറ ട്രിപ്പോടുകൂടിയാണ് അവധിക്കാല യാത്രകൾക്ക് തുടക്കമിടുന്നത്.
24ന് രാമക്കൽമേട്,26മധുര- തഞ്ചാവൂർ,27ന് ചതുരംഗപ്പാറ,28ന് ഇല്ലിക്കൽകല്ല്- ഇലവീഴാപൂഞ്ചിറ,29ന് മലക്കപ്പാറഎന്നീ ആറു യാത്രകളാണ് ഇപ്പോൾ ക്രമീകരിച്ചിരിക്കുന്നത്. യാത്രാ ഗ്രൂപ്പുകളുടെ ആവശ്യമനുസരിച്ച് കൂടുതൽ യാത്രകൾ സംഘടിപ്പിക്കുമെന്ന് വൈക്കം ഡിപ്പോ എടിഒ എ.ടി.ഷിബു, ജനറൽ കൺട്രോളിംഗ് ഇൻസ്പെക്ടർ സുനിൽകുമാർ എന്നിവർ അറിയിച്ചു.
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ നടത്തിയ ഗവിയാത്രയെ തുടർന്ന് വിവിധ ഗ്രൂപ്പുകളുടെ ബുക്കിംഗിനു തുടക്കമായി.
350രൂപ മുതൽ3500രൂപവരെയുള്ള പാക്കേജുകൾ നിലവിൽ ലഭ്യമാണ്.ഗുരുവായൂർ ക്ഷേത്രവും ഉത്രാളിക്കാവും വാഴാലിക്കാവ് വടക്കുനാഥക്ഷേത്രവും ഉൾപ്പെടുന്ന ഗുരുവായൂർ പാക്കേജ്, തിരുവനന്തപുരം ക്ഷേത്രങ്ങൾ അടങ്ങിയ തിരുവനന്തപുരം സ്പെഷൽ പാക്കേജ്, കണ്ണൂർ ഭാഗത്തുള്ള ക്ഷേത്രങ്ങൾ അടങ്ങിയ മലബാർ തീർഥാടന യാത്ര എന്നിവയും വൈക്കം ഡിപ്പോ നടത്തിവരുന്നുണ്ട്.
സി അഷ്ടമുടി,കൊല്ലം ബോട്ടിംഗ് എന്നിവയും ജല യാത്രകൾ ഇഷ്ടപ്പെടുന്നവർക്കായി ഒരുക്കിയിട്ടുണ്ട്. യാത്രക്കാരുടെ ഇഷ്ടാനുസരണം പുതിയ പാക്കേജുകൾ ക്രമപ്പെടുത്തി യാത്രകൾ സംഘടിപ്പിച്ചു കൊടുക്കുന്ന സംവിധാനവും ഡിപ്പോ ചെയ്തുവരുന്നുണ്ട്. ബുക്കിംഗിനും മറ്റു വിവരങ്ങൾക്കുമായി 9995987321 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ അറിയിച്ചു.