ചന്പന്നൂർപ്പടിയിലെ മണ്ണെടുപ്പ് നാട്ടുകാർ തടഞ്ഞു
1488715
Friday, December 20, 2024 8:31 AM IST
നെടുംകുന്നം: ചമ്പന്നൂർപ്പടിയിൽനിന്നും മണ്ണെടുക്കാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു. ഇന്നലെ രാവിലെ ഏഴരയോടെ മണ്ണുകയറ്റി റോഡിലേക്കിറങ്ങിയ ടോറസുകൾ സ്ത്രീകളടക്കമുള്ളവർ ചേർന്നാണ് തടഞ്ഞത്. നാട്ടുകാരുടെ എതിർപ്പിനെത്തുടർന്ന് ഒരാഴ്ചയോളമായി മണ്ണെടുപ്പ് നിർത്തിവച്ചിരിക്കുകയായിരുന്നു.
വീണ്ടും കൂടുതൽ ലോറികളും മണ്ണുമാന്തിയന്ത്രവും ഉപയോഗിച്ച് മണ്ണെടുത്തു തുടങ്ങിയതോടെയാണ് പ്രദേശവാസികൾ തടയാനെത്തിയത്. ജനകീയ സമിതി പ്രവർത്തകരെത്തി മണ്ണെടുപ്പ് പൂർണമായി നിർത്തിവെക്കാൻ ആവശ്യപ്പെടുകയായിരുന്നു.
പോലീസും റവന്യു അധികൃതരും സ്ഥലെത്തിയെങ്കിലും മണ്ണെടുക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന നിലപാടിൽ നാട്ടുകാർ ഉറച്ചുനിന്നു. ഹൈക്കോടതി ഉത്തരവോടെയാണ് കരാറുകാരൻ വീണ്ടും മണ്ണെടുക്കാനെത്തിയത്. ജിയോളജി അധികൃതരുടെ അനുമതിയുമുണ്ട്. എന്നാൽ വീരൻമല കുന്നിന്റെ ചുവടുഭാഗത്തുനിന്നും മണ്ണെടുക്കാനുള്ള നീക്കം അനുവദിക്കില്ലെന്നും വരും ദിവസങ്ങളിൽ ശക്തമായ സമരം ആരംഭിക്കുമെന്നും ജനകീയ സമിതി ഭാരവാഹികൾ പറഞ്ഞു.
ഇന്ന് സമിതിയുടെ നേതൃത്വത്തിൽ നെടുംകുന്നത്ത് പ്രതിഷേധ മാർച്ചും യോഗവും നടത്തും.