കോട്ടയം പുഷ്പോത്സവത്തിന് ഇന്ന് തുടക്കം
1488721
Friday, December 20, 2024 8:31 AM IST
കോട്ടയം: കോട്ടയം മര്‍ച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ വിവിഡ് എന്റര്‍ടെയിന്‍മെന്റ് ഇവന്റ് ആന്‍ഡ് എക്സ്പോയുടെ സഹകരണത്തോടെ നാഗമ്പടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഇന്നു മുതല്‍ ജനുവരി അഞ്ചു വരെ കോട്ടയം പുഷ്പോത്സവം സംഘടിപ്പിക്കും.
യൂറോപ്യന്‍ മോഡല്‍ ഫ്ളവര്‍ ഷോയാണു മുഖ്യാകര്‍ഷണം. യൂറോപ്യന്‍ മോഡലിലുള്ള കെട്ടിടങ്ങള്‍ക്കിടയില്‍ പുഷ്പങ്ങള്‍ പ്രദര്‍ശിപ്പിച്ച് വ്യത്യസ്തങ്ങളായാണ് ഒരുക്കിയിട്ടുള്ളത്. ആയിരം ചതുരശ്രയടിയില്‍ മറ്റൊരു ഫ്ളവര്‍ ഷോയും നിര്‍മിച്ചിട്ടുണ്ട്. നൂറില്‍പ്പരം വാണിജ്യസ്റ്റാളുകളും കോഴിക്കോടന്‍ ഭക്ഷണശാലയും ക്രമീകരിച്ചിട്ടുണ്ട്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആസ്വദിക്കാന്‍ ഫാമിലി ഗെയിമുകളും ചെടികള്‍ വാങ്ങുന്നതിന് നഴ്സറികളുമുണ്ട്. രാവിലെ 11 മുതല്‍ രാത്രി 9.30 വരെയാകും പ്രദര്‍ശനം. പ്രവേശന ഫീസ് 70 രൂപ.
ഇന്നു വൈകുന്നേരം അഞ്ചിനു മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ പുഷ്പോത്സവം ഉദ്ഘാടനം ചെയ്യും. വൈസ്ചെയര്‍മാന്‍ ബി. ഗോപകുമാര്‍ ഫ്ളവര്‍ ഷോ ഉദ്ഘാടനം ചെയ്യും. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എം.കെ. തോമസുകുട്ടി ആദ്യവില്പന നിര്‍വഹിക്കും. കോട്ടയം മര്‍ച്ചന്റ്സ് പ്രസിഡന്റ് എ.കെ.എന്‍. പണിക്കര്‍ ഓഫീസ് ഉദ്ഘാടനം ചെയ്യും. നഗരസഭാംഗം സിന്‍സി പാറയില്‍, ജനറല്‍ സെക്രട്ടറി കെ.പി. നൗഷാദ്, സി.എ. ജോണ്‍, എ.എ. തോമസ്, വി.സി. ചാണ്ടി എന്നിവര്‍ പ്രസംഗിക്കും.