പാടശേഖരങ്ങളിൽ ശുദ്ധജലമെത്തിക്കാൻ താഴപ്പള്ളി മുതൽ നാട്ടതോട് ആഴം കുട്ടി ശുചീകരിക്കണം
1488705
Friday, December 20, 2024 8:30 AM IST
തലയോലപ്പറമ്പ്:തലയോലപ്പറമ്പ് പഞ്ചായത്തിലെ ആലങ്കേരി, കോലത്താർ, നടുക്കരി തുടങ്ങി പടിഞ്ഞാറൻ മേഖലയിലെ പാടശേഖരങ്ങൾക്ക് ശുദ്ധജലമെത്തിച്ചിരുന്ന നാട്ടുതോട് പുല്ലും പായലും മാലിന്യങ്ങളും തിങ്ങി നീരൊഴുക്കു നിലച്ചത് നെൽകൃഷിയെ പ്രതികൂലമായി ബാധിക്കുന്നു.
മൂവാറ്റുപുഴയാറും നാട്ടു തോടും ചേരുന്ന താഴപ്പള്ളിപാലം മുതൽ ചന്തതോട് , ആലങ്കേരി, കോലത്താർ, നടുക്കരി പാടശേഖരങ്ങൾ ഉൾപ്പെട്ട ഭാഗങ്ങളടക്കം നാലു കിലോമീറ്റർ തോട് നീരൊഴുക്ക് നിലച്ച നിലയിലാണ്. പുഴയിൽ നിന്ന് പാടശേഖരങ്ങളിലേയ്ക്ക് വെള്ളമൊഴുകിയെത്തുന്ന ചന്തതോട്ടിൽ പുല്ലും പോളയും പായലും വളർന്നു തിങ്ങിയിരിക്കുകയാണ്. പാടശേഖരങ്ങളിലേയ്ക്ക് ശുദ്ധജലമെത്തിക്കാനും പാടത്തെ വെള്ളം പുറന്തള്ളാനും മാർഗമില്ലാത്തതിനാൽ മെച്ചപ്പെട്ട വിളവും കർഷകർക്ക് ലഭിക്കുന്നില്ല.
മൂവാറ്റുപുഴയാറിൽ നിന്ന് ആരംഭിച്ച് കരിയാറുമായി സംഗമിച്ച് എഴുമാം കായലിലൂടെ വേമ്പനാട്ടുകായലിലെത്തുന്ന ജലാശയത്തിൽ ആഴംകൂട്ടി നീരൊഴുക്കു ശക്തിപ്പെടുത്തിയാൽ മാത്രമേ കൃഷിക്ക് ഗുണപ്രദമാകുമെന്ന് കർഷകർ പറയുന്നു. ആലങ്കേരി പാടശേഖരത്തിന് 385 ഏക്കർ വിസ്തൃതിയുണ്ട്.
കോലത്താർ 115 ഏക്കറും നടുക്കരി 110 ഏക്കറുമാണ്. തലയോലപ്പറമ്പ് പഞ്ചായത്തും കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തും തോട്ടിലെ നീരൊഴുക്കു ശക്തമാക്കാൻ പദ്ധതി ആവിഷ്കരിക്കണമെന്ന് ആലങ്കേരി പാടശേഖര സമിതി പ്രസിഡന്റ് ജോസ് ജോസഫ്, സെക്രട്ടറി ആർ.രാജേഷ് എന്നിവർ ആവശ്യപ്പെട്ടു.