കുന്നുകൾ ഇടിച്ചുനിരത്താൻ മണ്ണുലോബി
1488713
Friday, December 20, 2024 8:31 AM IST
നെടുംകുന്നം: നെടുംകുന്നം ഗ്രാമത്തിന്റെ പേരിനുതന്നെ കാരണമായ പ്രദേശങ്ങളിലെ കുന്നുകൾ ഇടിച്ചു നിരത്തി മണ്ണെടുക്കാനുള്ള മണ്ണുലോബിയുടെ ശ്രമം ശക്തം. നെടുംകുന്നം-മുളയംവേലി റോഡിലെ വീരന്മലക്കുന്നിന്റെ ഭാഗമായ ചമ്പന്നൂർപ്പടിയിലുള്ള രണ്ടരയേക്കറോളം വരുന്ന കുന്നിടിച്ച് നിരത്താനാണ് മണ്ണു ലോബി ജിയോളജി വകുപ്പിൽനിന്ന് അനുമതി നേടിയിട്ടുള്ളത്.
ദേശീയപാത വികസനത്തിന്റെ ആവശ്യത്തിനെന്ന പേരിലാണ് കുന്നുകൾ ഇടിച്ചുനിരത്തുന്നത്. കൊല്ലത്തെ ഒരു സ്ഥാപനമാണ് മണ്ണു ശേഖരിക്കാൻ അനുമതി കരസ്ഥമാക്കിയത്. ഈ നീക്കം പ്രദേശത്തെ ജനത്തെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
മുളയംവേലി, ഇടത്തിനകത്തുപടി, നെടുംകുന്നം, നെടുമണ്ണി തുടങ്ങിയ പ്രദേശങ്ങളിലെ ജലസ്രോതസുകളെയും കുടിവെള്ള കിണറുകളെയും ദോഷകരമായി ബാധിക്കുകയും ദേശത്തിന്റെ ഭൂപ്രകൃതി തന്നെ മാറ്റിമറിക്കുകയും ചെയ്യുന്ന കുന്നിടിക്കലിനെതിരേ പ്രതിഷേധം ശക്തമാണ്.
സർക്കാരിന്റെ പുതിയ നയം അനുസരിച്ച് മണ്ണു നീക്കത്തിന് പഞ്ചായത്തിന്റെ അറിവോ, സമ്മതമോ ആവശ്യമില്ല. ജിയോളജി വകുപ്പിന്റെ തീരുമാനപ്രകാരം നൽകുന്ന അനുമതി മണ്ണുലോബിക്ക് സഹായകമാകുകയാണെന്നു നാട്ടുകാർ കുറ്റപ്പെടുത്തി.