അഞ്ചു മിനിറ്റുകൊണ്ട് 2025 നക്ഷത്രങ്ങൾ നിർമിച്ച് സെന്റ് ജോർജ് സ്കൂളിലെ കുട്ടികൾ
1488852
Saturday, December 21, 2024 5:24 AM IST
മണിമല: സെന്റ് ജോർജ് ഹൈസ്കൂളിലെ വിദ്യാർഥികൾ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി വിവിധ വർണത്തിലുള്ള 2025 നക്ഷത്രങ്ങൾ എ ഫോർ പേപ്പർ കൊണ്ട് ത്രീഡി എഫക്ടിൽ നിർമിച്ചു.
അഞ്ചു മിനിറ്റുകൊണ്ടാണ് കുട്ടികൾ നക്ഷത്രങ്ങൾ തയാറാക്കിയത്. കെസിഎസ്എൽ, ഡിസിഎൽ സംഘടനകളുടെ നേതൃത്വത്തിലാണ് നക്ഷത്ര നിർമാണം നടന്നത്. അഞ്ചുമുതൽ പത്താം ക്ലാസുവരെയുള്ള കുട്ടികളും ഒപ്പം അധ്യാപകരും നക്ഷത്ര നിർമാണത്തിൽ പങ്കുചേർന്നു. ഒരാൾ നാലു വീതം നക്ഷത്രങ്ങൾ നിർമിച്ചു.
ഒരു നക്ഷത്രം നിർമിക്കുന്നതിന് ഒരു മിനിറ്റ് ആണ് സമയം എടുത്തത്. അഞ്ചു മിനിറ്റുകൊണ്ട് 2025 നക്ഷത്രങ്ങൾ ഓഡിറ്റോറിയത്തിൽ നിരത്തിയതിനുശേഷമാണ് ക്രിസ്മസ് ആഘോഷം നടന്നത്. ഹെഡ്മിസ്ട്രസ് പി.എസ്. മിനിമോൾ ക്രിസ്മസ് സന്ദേശം നൽകി.
തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. സിസ്റ്റർ അൽഫോൻസാ അഗസ്റ്റിൻ, പി.എം. മഞ്ജുമോൾ, എം.എ. ത്രേസ്യാമ്മ, സോംജി സെബാസ്റ്റ്യൻ, മനോജ് ചാക്കോ, ജോജോ ജോസഫ്, ജെറിൻ തോമസ് തുടങ്ങിയവർ നേതൃത്വം നൽകി.