കെഐആര്‍എഫ് റാങ്കിംഗില്‍ ദേവമാതായ്ക്ക് തിളക്കം
1488861
Saturday, December 21, 2024 5:39 AM IST
കുറവിലങ്ങാട്: കേരളത്തിലെ സര്‍ക്കാര്‍, എയ്ഡഡ് കോളജുകളുടെ ഗുണനിലവാരം മൂല്യനിര്‍ണയം ചെയ്യുന്ന കെഐആര്‍എഫ് റാങ്കിംഗില്‍ കുറവിലങ്ങാട് ദേവമാതാ കോളജിന് 32-ാം സ്ഥാനം. ജില്ലയിലെ ഓട്ടോണമസല്ലാത്ത ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളില്‍ ഏറ്റവും ഉയര്‍ന്ന റാങ്ക് ലഭിച്ചത് ദേവമാതായ്ക്കാണ്.
ദേശീയ ഏജന്‍സിയായ നാക് നടത്തിയ ഗുണനിലവാര പരിശോധനയില്‍ 3.67 പോയിന്റോടെ എ പ്ലസ് പ്ലസ് ഗ്രേഡ് ദേവമാതാ കഴിഞ്ഞവര്‍ഷം നേടുകയുണ്ടായി. ദേശീയ ഏജന്‍സിയായ എന്‍ഐആര്‍എഫ് നടത്തിയ വിലയിരുത്തലിലും ദേവമാതാ മികച്ച സ്ഥാനം കൈവരിച്ചിരുന്നു.
നാക്കിന്റെയും എന്ഐആര്എഫിന്റെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച ഡോ. ടീന സെബാസ്റ്റ്യനാണ് കെഐആര്‍എഫ് കോ-ഓർഡിനേറ്ററായും പ്രവര്‍ത്തിച്ചത്.
പ്രിന്‍സിപ്പല്‍ ഡോ. സുനില്‍ സി. മാത്യു, വൈസ് പ്രിന്‍സിപ്പല്‍ ഫാ. ഡിനോയ് കവളമ്മാക്കല്‍, ബര്‍സാര്‍ ഫാ. ജോസഫ് മണിയഞ്ചിറ എന്നിവരുടെ നേതൃത്വത്തിലുള്ള കൂട്ടായ പ്രവര്‍ത്തനമാണ് ദേവമാതായെ ഈ അതുല്യ മികവിലേക്ക് എത്തിച്ചത്. കോളജ് മാനേജര്‍ ആര്‍ച്ച്പ്രീസ്റ്റ് ഫാ. അഗസ്റ്റിന് കൂട്ടിയാനിയില്‍ ദേവമാതായിലെ അക്കാദമിക് സമൂഹത്തെ അഭിനന്ദിച്ചു.