സ്റ്റാമ്പുകൾകൊണ്ട് പുൽക്കൂട് തീർത്ത് ഫാ. വിൽസൺ പുതുശേരി
1488851
Saturday, December 21, 2024 5:24 AM IST
കാഞ്ഞിരപ്പള്ളി: വിവിധ രാജ്യങ്ങളിലെ സ്റ്റാമ്പുകൾ കൊണ്ട് പുൽക്കൂട് തീർത്തിരിക്കുകയാണ് കാഞ്ഞിരപ്പള്ളി എകെജെഎം ഹയർ സെക്കൻഡറി സ്കൂളിലെ ബർസാർ ഫാ. വിൽസൺ പുതുശേരി.
സ്കൂൾ മുറ്റത്ത് ഒരുക്കിയ പുൽക്കൂട്ടിൽ ഉണ്ണിയേശുവിന്റെ രൂപമൊഴിച്ച് ബാക്കിയെല്ലാം നിർമിച്ചിരിക്കുന്നത് സ്റ്റാമ്പുകൾ കൊണ്ടാണ്. പുൽക്കൂടിനായി 90 ശതമാനവും ഉപയോഗിച്ചിരിക്കുന്നത് സ്വിറ്റ്സർലൻഡിലെ സ്റ്റാമ്പുകളാണ്. ഇതിന് ഒരു കാരണമുണ്ട്. യൂണിവേഴ്സൽ പോസ്റ്റൽ യൂണിയൻ സ്ഥാപിതമായിട്ട് 150 വർഷം തികയുകയാണ്. ഇതിന്റെ ആസ്ഥാനമാകട്ടെ സ്വിറ്റ്സർലൻഡും.
പുൽക്കൂട്ടിൽ ക്രിസ്മസ് ട്രീകൾ നിർമിച്ചിരിക്കുന്നതും സ്റ്റാമ്പുകൾ കൊണ്ടാണ്. പക്ഷികളുടെയും ചിത്രശലഭങ്ങളുടെയും ഒക്കെ ചിത്രങ്ങൾ പതിച്ച സ്റ്റാമ്പുകളാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. ഫിഷ് ടാങ്ക് നിർമിച്ചിരിക്കുന്നത് മത്സ്യങ്ങളുടെയും കെട്ടിടം നിർമിച്ചിരിക്കുന്നത് കെട്ടിടങ്ങളുടെയും സ്റ്റാമ്പുകൾ കൊണ്ടാണ്.
ആട്ടിടയൻമാർക്കുമുണ്ട് പ്രത്യേകത, പോസ്റ്റ്മാൻമാരുടെ ചിത്രങ്ങളാണ് ഇതിന്റെ സ്ഥാനത്തുള്ളത്. വിശുദ്ധരുടെ ചിത്രങ്ങൾക്കുമുണ്ട് പുൽക്കൂട്ടിലൊരിടം.
സ്കൂളിലെ കുട്ടികൾക്ക് വിനോദത്തിനൊപ്പം വിജ്ഞാനവും പകരുകയാണ് സ്റ്റാമ്പുകൾ കൊണ്ടുള്ള പുൽക്കൂട് നിർമാണത്തിലൂടെ ലക്ഷ്യമിട്ടതെന്ന് ഫാ. വിൽസൺ പുതുശേരി പറഞ്ഞു.
നൂറിലധികം രാജ്യങ്ങളുടെ സ്റ്റാമ്പുകൾ ശേഖരിച്ച് സൂക്ഷിക്കുന്ന ഫാ. വിൽസൺ പുതുശേരി ഇതിന്റെ നിരവധി പ്രദർശനങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.
ഉപയോഗശൂന്യമായ പേനകൾ കൊണ്ടും വേൾഡ് കപ്പ് ഫുട്ബോൾ കളിച്ച രാജ്യങ്ങളുടെ പതാകകൾ കൊണ്ടുമൊക്കെ ഇദ്ദേഹം നേരത്തെ പുൽക്കൂടൊരുക്കി ശ്രദ്ധ നേടിയിരുന്നു.