തലയാഴത്തെ ഓലമേഞ്ഞ നാടൻ ചായക്കട കൗതുകക്കാഴ്ചയാകുന്നു
1488707
Friday, December 20, 2024 8:30 AM IST
തലയാഴം: നാട്ടിൻപുറത്തുനിന്നു മൺമറഞ്ഞ ഓലമേഞ്ഞ നാടൻ ചായക്കട തലയാഴത്ത് പുനർസൃഷ്ടിച്ചത് കൗതുകക്കാഴ്ചയാകുന്നു. ടിൻ ഷീറ്റിൽ തീർത്ത ബങ്കിൽ ഓലമേഞ്ഞ് തലയാഴം ശിവതീർഥത്തിൽ ഷൈജുദാമോദരനാണ് പഴയകാലത്തെ ചായക്കടയെ പുന:സൃഷ്ടിച്ചത്.
തലയാഴം ഉല്ലലയിലുണ്ടായിരുന്ന ശ്രീപത്മനാഭ തിയേറ്ററിൽ വിജയകരമായി പ്രദർശിപ്പിച്ച ജയൻ നായകനായി അഭിനയിച്ച കരിമ്പന, കോളിളക്കം എന്നീ ചിത്രങ്ങളുടെ പോസ്റ്ററും കടയിൽ പതിപ്പിച്ചും അന്നത്തെ കടകളിൽ പാട്ടുകൾ കേട്ടിരുന്ന റേഡിയോയും കടയിൽ തൂക്കി പതിറ്റാണ്ടുകൾക്ക് മുമ്പുള്ള നാട്ടിൻപുറത്തെ ചായക്കടകളുടെ ചിത്രം അനുസ്മരിപ്പിച്ചു. ഇതിനു പുറമേ എണ്ണപ്പലഹാരങ്ങൾ കോരി വച്ചിരുന്ന കുട്ടകളടക്കം കടയിലുണ്ട്.
ചായയും പലഹാരങ്ങളും നൽകാൻ ഷൈജുവിന് കൂട്ടായി ഉദയനാപുരം നേരേകടവ് സ്വദേശി പി. ആർ.ബാബുവും ഏതാനും സഹായികളുമുണ്ട്. തലയാഴം പഞ്ചായത്ത് ഓഫീസിനു സമീപത്തുള്ള പുതുമയുള്ള പഴമയുടെ ഗന്ധമുള്ള നാടൻ ചായക്കടയിലെ ചായകുടിച്ച് പഴംപൊരി, വട, ബോണ്ട, മുളക് ബജി തുടങ്ങിയവ ആസ്വദിച്ചു കഴിക്കാൻ എത്തുന്നവരുടെ എണ്ണമേറുകയാണ്.