റവന്യു അധികൃതര്‍ പരിശോധനയ്ക്കെത്തി : അവസാനം സർക്കാർ ഓഫീസുകൾ നെല്ലിയാനി അനക്സിലേക്ക്
1488859
Saturday, December 21, 2024 5:39 AM IST
പാലാ: അവസാനം സർക്കാർ ഓഫീസുകൾ നെല്ലിയാനി മിനി സിവിൽ സ്റ്റേഷൻ അനക്സിലേക്ക് മാറ്റാൻ തീരുമാനിച്ചു. ഇതിന്റെ നടപടിക്രമങ്ങൾ റവന്യു അധികാരികൾ ആരംഭിച്ചു. അട്ടിമറിക്കപ്പെട്ടില്ലെങ്കിൽ വാടകക്കെട്ടിടത്തിലെ സർക്കാർ ഓഫീസുകൾ ഇവിടേക്കു വരുമെന്നുറപ്പായി.
നഗരത്തിലുള്ള സിവില്‍ സ്റ്റേഷന് മന്ദിരത്തില്‍ സ്ഥലപരിമിതി മൂലം വീര്‍പ്പുമുട്ടുന്ന റവന്യു വകുപ്പിന്റെ കീഴിലുള്ള ഏതാനും ഓഫീസുകള്‍ കുറവിലങ്ങാട് റോഡില്‍ നെല്ലിയാനിയില്‍ നിര്‍മിച്ചിട്ടുള്ള പുതിയ മന്ദിരത്തിലേക്കു മാറ്റുന്നതിനുള്ള നടപടിയാണു നടക്കുന്നത്.
കഴിഞ്ഞദിവസം പാലായില്‍ നടന്ന പരാതി പരിഹാര അദാലത്തില്‍ മന്ത്രി റോഷി അഗസ്റ്റിന്റെ നിര്‍ദേശത്തെത്തുടര്‍ന്നു വെള്ളവും വൈദ്യുതിയും ഉടന്‍ ലഭ്യമാക്കാന്‍ ജില്ലാ കളക്ടര്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.
വാട്ടര്‍ അഥോറിട്ടി അധികൃതര്‍ കെട്ടിടത്തില്‍ വെള്ളം എത്തിക്കുന്നതിനായുള്ള പരിശോധന നടത്തി. എത്രയും വേഗം വാട്ടര്‍ കണക്ഷന് ലഭ്യമാക്കുമെന്നു തഹസില്‍ദാരെ അറിയിച്ചു. തഹസില്‍ദാര്‍ ലിറ്റിമോള്‍ തോമസിന്റെ നേതൃത്വത്തില്‍ താലൂക്ക് റവന്യു അധികൃതർ കെട്ടിടവും പരിസരവും സന്ദര്‍ശിച്ചു. ഇവിടേക്കു മാറ്റുന്ന ഓരോ ഓഫീസിനും പ്രത്യേകം വൈദ്യുതി കണക്ഷനുകള്‍ക്കായി ഉടന്‍ അപേക്ഷ സമര്‍പ്പിക്കുമെന്ന് അറിയിച്ചു. കോമ്പൗണ്ടില്‍ കിടക്കുന്ന മണ്ണ് ലേലം ചെയ്തു നീക്കും.
കെട്ടിടപരിസരം കാട് വെട്ടിത്തെളിച്ചു ശുചീകരണം നടത്താന്‍ നടപടി സ്വീകരിക്കുമെന്നു ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന ആനന്ദ് ചെറുവള്ളിയും പഞ്ചായത്തംഗം ജിജി ജേക്കബും കാണിയേക്കാട് റെസിഡന്റ്സ് അസോസിയേഷനും ഉറപ്പു നല്കി.
മുത്തോലി സഹകരണബാങ്ക് പ്രസിഡന്റ് ടോബിന് കെ. അലക്സ്, ജയ്സണ്‍ മാന്തോട്ടം, ചാക്കോ താന്നിയാനിക്കല്‍, സാജന് ഈരൂരിക്കല്‍ എന്നിവരും റവന്യു അധികൃതരുമായി ചര്‍ച്ച നടത്തി. നാട്ടുകാരുടെ പൂര്‍ണ സഹകരണം അവര്‍ ഉറപ്പു നല്കി.
കളക്ടര്‍ക്ക് റിപ്പോര്‍ട്ട് ഉടന്‍ നല്‍കുമെന്നും ഇവിടേക്കായി നിശ്ചയിക്കപ്പെട്ട ഓഫീസ് മേധാവികളുടെ പ്രത്യേക യോഗം ഉടന്‍ വിളിച്ചു ചേര്‍ത്ത് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും തഹസില്‍ദാര്‍ ലിറ്റിമോള്‍ തോമസ് പറഞ്ഞു.