ചാത്തൻപാറ-മൂങ്ങാക്കുഴി റോഡുപണി പൂർത്തിയാക്കണം
1488951
Saturday, December 21, 2024 7:13 AM IST
കൂരോപ്പട: കണിപറന്പ്-ചാത്തൻപാറ-മൂങ്ങാക്കുഴി റോഡ് ഗതാഗതത്തിനു തുറന്നുകൊടുത്തിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും കുറച്ചുഭാഗത്തിന്റെ പണി പൂർത്തിയാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. പരിസരവാസി കേസുകൊടുത്ത് തടസം സൃഷ്ടിച്ചതുമൂലമാണ് പണി പൂർത്തീകരിക്കാൻ കഴിയാത്തതെന്നാണ് അധികൃതർ പറയുന്നത്.
നിരവധി വാഹനങ്ങൾ കടന്നുപോകുന്ന ഈ റോഡിൽ മെറ്റൽ ഇളകിക്കിടക്കുന്നതുമൂലം ബൈക്ക് യാത്രക്കാർ ഉൾപ്പെടെ വീണു പരിക്കേറ്റ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. റോഡിന്റെ ശോച്യാവസ്ഥമൂലം ഈ വഴി സഞ്ചരിക്കാൻ ഓട്ടോറിക്ഷ ഡ്രൈവർമാർ മഠിക്കുന്നു. ഇതുമൂലം മൂങ്ങാക്കുഴി കമ്യൂണിറ്റി ഹെൽത്ത് സെന്റർ, കണിപറന്പ് ആയുർവേദ ആശുപത്രി എന്നിവിടങ്ങളിലേക്കു പോകുന്ന രോഗികൾ ഉൾപ്പെടെയുള്ളവർ ഏറെ ബുദ്ധിമുട്ടുന്നു.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഫണ്ട് അനുവദിച്ചു പിഡബ്ല്യുഡി പണിപൂർത്തിയാക്കി പഞ്ചായത്തിന് വിട്ടുകൊടുത്ത റോഡാണിത്. റോഡ് ഇപ്പോൾ പൂർണമായും കൂരോപ്പട പഞ്ചായത്തിന്റേതാണ്. പഞ്ചായത്ത് ഭരണ സമിതി ഇടപെട്ടു കേസ് പിൻവലിപ്പിച്ചു തകർന്നുകിടക്കുന്ന റോഡ് ഭാഗം പൂർത്തീകരിച്ച് സഞ്ചാരയോഗ്യമാക്കണമെന്ന് കർഷക കോൺഗ്രസ് സംസ്ഥാന നിർവാഹക സമിതി അംഗം വിനോദ് മഞ്ഞാമറ്റം ആവശ്യപ്പെട്ടു.