നെല്ലാമറ്റം ബ്രിഡ്ജ് ബ്രദേഴ്സിന് ഇനി സ്വന്തം ഇരിപ്പിടം
1488864
Saturday, December 21, 2024 5:40 AM IST
ഉഴവൂര്‍: നെല്ലാമറ്റത്തെ ബ്രിഡ്ജ് ബ്രദേഴ്സിന് ഇനി സ്വന്തം ഇരിപ്പിടം. ഉഴവൂര്‍ പഞ്ചായത്തിലെ നെല്ലാമറ്റം ഗ്രാമത്തില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോള്‍ ജേക്കബിന്റെ ശ്രമഫലമായി ഒരുക്കിയ വഴിയോര വിശ്രമകേന്ദ്രമാണ് നാട്ടിലെ സൗഹൃദക്കൂട്ടങ്ങള്‍ക്ക് വലിയ ആശ്വാസവും സന്തോഷവും സമ്മാനിച്ചിട്ടുള്ളത്.
ബ്ലോക്ക് പഞ്ചായത്തില്‍നിന്ന് ലഭ്യമാക്കിയ അഞ്ച് ലക്ഷം രൂപ വിനിയോഗിച്ചാണ് നാടിന്റെ ആവശ്യം ഡോ. സിന്ധുമോള്‍ ജേക്കബ് യാഥാര്‍ഥ്യമാക്കിയത്.
നെല്ലാമറ്റത്തെ തോടിന് സമീപമുള്ള കൊച്ചുകലുങ്കിനോട് ചേര്‍ന്നുള്ള സൗഹൃദ കൂട്ടായ്മയ്ക്ക് അവര്‍ സ്വന്തമായിട്ട പേരാണ് ബ്രദേഴ്സ് ഓഫ് ബ്രിഡ്ജ്. തോടിനടുത്ത് പാലം കണക്കെയുള്ള പോസ്റ്റിട്ട് ഇരുന്നതിനാലാണ് ഇത്തരത്തിലൊരു പേരു സ്വീകരിച്ചത്. ഡോ. സിന്ധുമോള്‍ ജേക്കബ് പഞ്ചായത്തംഗമായിരിക്കേ വാര്‍ഡില്‍ നടത്തിയ എന്‍എസ്എസ് സപ്തദിന ക്യാമ്പിന്റെ ഭാഗമായി നട്ടുവളര്‍ത്തിയ രണ്ട് ഇലഞ്ഞിമരങ്ങളാണ് വഴിയിലെ ഇരിപ്പുകാര്ക്ക് തണല്വിരിച്ചിരുന്നത്.
നാട്ടിലെ രണ്ട് തലമുറകളില്‍പ്പെട്ട മുപ്പതോളം പേര് ഇവിടെ ഒത്തുകൂടാറുണ്ടായിരുന്നു. മഴയും കനത്ത വെയിലും ഈ കൂട്ടുകാര്‍ക്ക് വലിയ പ്രതിസന്ധിയായതോടെയാണ് മഴയേല്‍ക്കാത്ത ഒരു ഇരിപ്പിടം എന്ന ആവശ്യവുമായി നാട് ഡോ. സിന്ധുമോള്‍ ജേക്കബിനെ സമീപിച്ചതും യാഥാര്ഥ്യമായിട്ടുള്ളതും.
വഴിയോരവിശ്രമകേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ നാലിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്‍ ചാര്‍ജ് ഡോ. സിന്ധുമോള്‍ ജേക്കബ് ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് ന്യൂജന്റ് ജോസഫ് അധ്യക്ഷത വഹിക്കും.