പോലീസ് ഇടപെട്ടു; ഫോൺപേയിൽ വ്യാപാരി നന്പർ മാറി നിക്ഷേപിച്ച പണം തിരിച്ചുപിടിച്ചു
1488720
Friday, December 20, 2024 8:31 AM IST
പാമ്പാടി: വ്യാപാരി ഗൂഗിൾ പേയിൽ നമ്പർ മാറി നിക്ഷേപിച്ച പണം തിരികെ നൽകിയില്ല. പണം കിട്ടിയ കർണാടക സ്വദേശിയിൽനിന്ന് പാമ്പാടി പോലീസിന്റെ കൃത്യമായ ഇടപെടലിലൂടെ ഒരു മണിക്കൂറിനകം പണം തിരിച്ചു പിടിച്ചു. ഇന്നലെ രാവിലെ 10നായിരുന്നു സംഭവം.
പാമ്പാടിയിലെ ടൈം ട്രോണിക്സ് വാച്ച് കട ഉടമ ഷാജി ഫ്രാൻസിസ് കച്ചവട ആവശ്യത്തിനായി ഫോൺപേ വഴി പതിനായിരം രൂപ അയച്ചു. പക്ഷേ നമ്പർ മാറി പണം ലഭിച്ചത് കർണാടകത്തിലെ ബേഡ്മംഗല എന്ന സ്ഥലത്തുള്ള ആൾക്ക്. ഷാജി ഇയാളെ ഫോണിൽ ബന്ധപ്പെട്ട് പണം തിരിച്ചയയ്ക്കാൻ പറഞ്ഞു.
പക്ഷെ അയാൾ കൂട്ടാക്കിയില്ല. ഉടൻ ഷാജി ബാങ്കുമായി ബന്ധപ്പെട്ടു പണം തിരികെ ലഭിക്കാനുള്ള നടപടിക്കായി ശ്രമിച്ചെങ്കിലും അതും നടപ്പായില്ല. തുടർന്ന് പാമ്പാടി പോലീസ് സ്റ്റേഷനിൽ എത്തി ഷാജി എസ്എച്ച്ഒ റിച്ചാർഡ് വർഗീസിനെ കണ്ടു കാര്യങ്ങൾ ധരിപ്പിച്ചു. തുടർന്ന് പോലീസ് ഇയാളുമായി സംസാരിച്ചപ്പോൾ ആദ്യം തിരിച്ച് അയയ്ക്കാൻ പറ്റില്ലെന്ന് പറഞ്ഞെങ്കിലും പിന്നീട് പണം തിരിച്ച് അക്കൗണ്ടിൽ നിക്ഷേപിക്കുകയുമായിരുന്നു.
ഫോൺ പേ പോലുള്ള ഓൺലൈൻ പേയ്മെന്റ് ആപ്പുകളിൽ പണം അയയ്ക്കുമ്പോൾ ഇടപാടിൽ മധ്യസ്ഥത വഹിക്കാൻ ബാങ്കിന് നിയമപരമായി അധികാരം ഇല്ലെന്നതാണ് വസ്തുത. എങ്കിലും പണം തിരികെ കിട്ടിയ സന്തോഷത്തിലാണ് കടയുടമ.