ട്രെയിനിൽ കയറുന്നതിനിടയിൽ കാൽതെറ്റി വീണ യുവാക്കളെ രക്ഷപ്പെടുത്തിയ ശ്രീവിദ്യക്ക് അഭിനന്ദനം
1488952
Saturday, December 21, 2024 7:13 AM IST
തിരുവാർപ്പ്: നീലേശ്വരം റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽനിന്നു ട്രെയിനിൽ ചാടിക്കയറുന്നതിനിടയിൽ കാൽതെറ്റി വീഴാൻ തുടങ്ങിയ രണ്ടു യുവാക്കളെ തിരുവാർപ്പ് സ്വദേശിനിയായ യുവതി അദ്ഭുതകരമായി രക്ഷപ്പെടുത്തി.
കോട്ടയം എൽഐസി ബ്രാഞ്ചിലെ ഏജന്റ് ശ്രീവിദ്യ അനിയനാണ് രണ്ടു യുവാക്കളെയും അതിസാഹസികമായി രക്ഷപ്പെടുത്തിയത് ഡൽഹി പാർലമെന്റ് മാർച്ചിൽ പങ്കെടുക്കാൻ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു ശ്രീവിദ്യ.
അതേ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന യുവാക്കൾ പ്ലാറ്റ്ഫോമിൽ ഇറങ്ങിയ ശേഷം ട്രെയിൻ വിട്ടപ്പോൾ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടയിൽ ബാലൻസ് തെറ്റി വീഴാൻ തുടങ്ങിയപ്പോൾ ശ്രീവിദ്യ ഇവരെ തള്ളിമാറ്റി രക്ഷപ്പെടുത്തുകയായിരുന്നു.
ശ്രീവിദ്യയുടെ സമയോചിത ഇടപെടലിലൂടെ പ്ലാറ്റ് ഫോമിനും ട്രെയിനിനും ഇടയിൽ വീഴുന്നതിൽനിന്നും യുവാക്കൾ അദ്ഭുതകരമായി രക്ഷപ്പെട്ടു. യുവാക്കളുടെ ജീവൻ രക്ഷിച്ച ശ്രീവിദ്യയെ സഹയാത്രക്കാരും പോലീസ് ഉദ്യോഗസ്ഥരും അനുമോദിച്ചു. ഡൽഹിയിൽ സമരമുഖത്തുവച്ച് കൊല്ലം എംപി എം.കെ. പ്രേമചന്ദ്രനും ശ്രീവിദ്യ അനിയനെ അഭിനന്ദിച്ചു.