വൈദ്യുതി ചാർജ് വർധന: കോൺഗ്രസ് പ്രതിഷേധ ധർണ നടത്തി
1488854
Saturday, December 21, 2024 5:39 AM IST
കാഞ്ഞിരപ്പള്ളി: തുടർച്ചയായി വൈദ്യുതി ചാര്‍ജ് വർധിപ്പിച്ച് സര്‍ക്കാര്‍ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുകയാണെന്ന് യുഡിഎഫ് ജില്ലാ കൺവീനർ അഡ്വ. ഫിൽസൺ മാത്യൂസ് ആരോപിച്ചു. വൈദ്യുതി ചാർജ് വർധനയിൽ പ്രതിഷേധിച്ച് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ണാറക്കയം കെഎസ്ഇബി സബ് സ്റ്റേഷൻ ഓഫീസിന് മുന്പിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വൈദ്യുതി വാങ്ങുന്നതിന് മറ്റു കമ്പനികളുമായി യുഡിഎഫ് സർക്കാരിന്റെ കാലത്തെ കരാർ പ്രകാരം യൂണിറ്റിന് 4.15 രൂപ മുതൽ 4.29 രൂപ വരെയായിരുന്നു നിരക്ക്. എന്നാൽ, ആ കരാർ റദ്ദാക്കി പുതിയ കരാറിൽ സർക്കാർ ഒപ്പുവച്ചപ്പോൾ 10 മുതൽ 14 രൂപ വരെ നൽകിയാണ് വൈദ്യുതി വാങ്ങുന്നത്. കൂടിയ നിരക്കിൽ വൈദ്യുതി വാങ്ങുമ്പോൾ 2,
000 കോടി രൂപയാണ് അദാനി ഉൾപ്പെടെയുള്ള സ്വകാര്യ കുത്തക കമ്പനിക്ക് ലാഭം ഉണ്ടാക്കുന്നത്. ഇതിനു പിന്നിൽ അഴിമതിയാണെന്നും ഫിൽസൺ മാത്യൂസ് ആരോപിച്ചു. ബ്ലോക്ക് പ്രസിഡന്റ് പി. ജീരാജ് അധ്യക്ഷത വഹിച്ചു.
ഡിസിസി ജനറൽ സെക്രട്ടറിമാരായ പി.എ. ഷെമീർ, പ്രഫ. റോണി കെ. ബേബി, ഡിസിസി അംഗങ്ങളായ അഭിലാഷ് ചന്ദ്രൻ, ജോസ് കെ. ചെറിയാൻ, രഞ്ജു തോമസ്, അസംഘടിത തൊഴിലാളി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുനിൽ തേനംമാക്കൽ, ബിജു പത്യാല, സേവ്യർ മൂലകുന്ന് തുടങ്ങിയവർ പ്രസംഗിച്ചു.