പഞ്ചായത്ത് ഉദ്യോഗസ്ഥരെ തടഞ്ഞു
1488855
Saturday, December 21, 2024 5:39 AM IST
എരുമേലി: ഹൈക്കോടതി ഉത്തരവുപ്രകാരം പാതയോരത്തെ അനധികൃത ചമയങ്ങൾ നീക്കാൻ എത്തിയ പഞ്ചായത്ത് ഉദ്യോഗസ്ഥരെ തടഞ്ഞ് അസഭ്യം പറഞ്ഞെന്നും പഞ്ചായത്ത് വാഹനം കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതി.
ഇന്നലെ എരുമേലി പഞ്ചായത്തിലെ തുമരംപാറയിലാണ് സംഭവം. പഞ്ചായത്ത് ജൂണിയർ സൂപ്രണ്ട് വിപിൻ കൃഷ്ണ ആണ് എരുമേലി പോലീസിൽ ഇതു സംബന്ധിച്ച് പരാതി നൽകിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്നും പ്രതിയെ പിടികൂടുമെന്നും പോലീസ് പറഞ്ഞു.
വിപിൻ കൃഷ്ണ, ക്ലർക്ക് അൻവർ എന്നിവർ ഉൾപ്പെട്ട ഉദ്യോഗസ്ഥ സംഘം തുമരംപാറയിൽ ബോർഡുകൾ നീക്കാൻ ഇന്നലെ എത്തിയപ്പോഴാണ് തടഞ്ഞത്.
ആരാധനാലയത്തിന്റെ റോഡ് സൈഡിലുള്ള കൊടിമരം റോഡിലേക്ക് ഇറക്കിവച്ച നിലയിലാണെന്നും ഇത് നീക്കണമെന്നും ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് ഉദ്യോഗസ്ഥരെ തടഞ്ഞത്.