110 കെവി ലൈൻ വീടിന് മുകളിലേക്ക് പൊട്ടിവീണു; ഒഴിവായതു വൻ അപകടം
1488849
Saturday, December 21, 2024 5:24 AM IST
ചിറക്കടവ്: പുളിമൂട്ടില്‍ ഭാഗത്ത് 110 കെവി വൈദ്യുത കമ്പി വീടിന് മുകളിലേക്ക് പൊട്ടിവീണു. പള്ളം - കാഞ്ഞിരപ്പള്ളി 110 കെവി ഡബിള്‍ സര്‍ക്യൂട്ട് ലൈനിലെ ഒരു കമ്പിയാണ് പൊട്ടി വീണത്. വൈദ്യുതി നിലച്ചതിനാൽ വൻ അപകടം ഒഴിവായി.
ഇന്നലെ രാവിലെ 11.05ഓടെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ മരം വെട്ടുന്നതിനിടെ ലൈനിന്റെ മുകളിലേക്ക് മരം മറിഞ്ഞാണ് വൈദ്യുത കമ്പി പൊട്ടിയത്. ചെട്ടിയാകുളത്ത് മുരളിയുടെ വീടിന് മുകളിലേക്കാണ് വൈദ്യുതകമ്പി പൊട്ടിവീണത്. ഈ സമയം മുരളിയുടെ ഭാര്യയും മകളും മകന്റെ ഭാര്യയും അഞ്ച് മാസം പ്രായമായ കൈക്കുഞ്ഞുമാണ് വീട്ടിലുണ്ടായിരുന്നത്. വലിയ ശബ്ദത്തേടെയാണ് വൈദ്യുത കമ്പി പൊട്ടി വീണത്.
പ്രദേശത്ത് തീയും പുകയും ഉയര്‍ന്നതായി പ്രദേശവാസികള്‍ പറഞ്ഞു. ജനവാസ കേന്ദ്രത്തോട് ചേര്‍ന്നാണ് ലൈന്‍ പൊട്ടിവീണത്. ഇതേത്തുടര്‍ന്ന് കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, എരുമേലി എന്നീ സബ് സ്റ്റേഷനുകളുടെ പരിതിയില്‍ ഒരു മണിക്കൂറോളം വൈദ്യുതി മുടങ്ങി.
അനുമതിയില്ലാതെ മരം വെട്ടിയതിന് കെഎസ്ഇബി പോലീസില്‍ പരാതി നല്‍കും. ലൈന്‍ പുനഃസ്ഥാപിക്കുന്നതിനുള്ള ജോലികള്‍ തുടങ്ങി. കെഎസ്ഇബിക്കുണ്ടായ നഷ്ടം കണക്കാക്കി സ്ഥലം ഉടമയില്‍ നിന്ന് ഈടാക്കുമെന്നും അധികൃതര്‍ അറിയിച്ചു.