കക്ഷികൾ തമ്മിൽ വാക്കേറ്റം: കോടതിമുറിയിൽനിന്നു താഴേക്ക് ചാടിയയാൾക്ക് പരിക്ക്
1488704
Friday, December 20, 2024 8:30 AM IST
വൈക്കം: കേസുമായി ബന്ധപ്പെട്ട് കോടതിയിൽ വന്നയാൾ എതിർ കക്ഷികളുമായുണ്ടായ സംഘർഷത്തെ തുടർന്ന് കോടതി മുറിയിൽ നിന്ന് താഴേക്ക് ചാടിയുണ്ടായ അപകടത്തിൽ കാലിന് പരിക്കേറ്റു. പരിക്കേറ്റ വൈക്കപ്രയാർ സ്വദേശിയെ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ പരിക്ക് ഗുരുതരമല്ല. ഇന്നലെ രാവിലെ 11.45ലോടെ വൈക്കം മജിസ്ട്രേറ്റ് കോടതിയിലായിരുന്നു സംഭവം.
ഭാര്യക്ക് മാനഹാനിയുണ്ടാക്കുന്ന തരത്തിൽ അധിക്ഷേപമുണ്ടായതുമായി ബന്ധപ്പെട്ട കേസിൽ പ്രതികളായ നാലുപേരിൽ രണ്ടു പേർ സമൻസ് കിട്ടിയതിനെ തുടർന്ന് ഇന്നലെ കോടതിയിൽ എത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് വാദിഭാഗം നിയോഗിച്ച അഭിഭാക്ഷകനെ കാണാനെത്തിയ വാദിയുടെ ഭർത്താവ് ഈ സമയം കോടതിയിൽ പ്രതികളെ കണ്ടപ്പോൾ വാക്കു തർക്കത്തിലേർപ്പെട്ടു.
വാക്കുതർക്കം സംഘർഷത്തിലേയ്ക്ക് നീങ്ങിയപ്പോൾ പ്രതിഭാഗം വക്കീൽ ഇക്കാര്യം മജിസ്ട്രേറ്റിന്റെ ശ്രദ്ധയിൽപ്പെടുത്തി. മജിസ്ട്രേറ്റ് ആവശ്യപ്പെട്ടതുപ്രകാരം പ്രതിഭാഗം വക്കീൽപരാതി എഴുതി നൽകി. കോടതിയിൽ നടന്ന വാക്കേറ്റത്തിൽ തനിക്ക് എതിരെ കേസെടുക്കുമെന്ന് ഭയന്ന് ഇയാൾ രക്ഷപ്പെട്ടു പോകാൻപൊടുന്നനെ താഴേക്കു ചാടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
സംഘർഷവുമായി ബന്ധപ്പെട്ട് കോടതി ഇയാൾക്കെതിരെ കേസെടുത്തു.