ആകാംക്ഷയും അറിവും നിറച്ച് മോക്ഡ്രില്‍
1488722
Friday, December 20, 2024 8:31 AM IST
കോട്ടയം: നാട്ടുകാരില്‍ ആകാംക്ഷയും അറിവും നിറച്ച് കുമരകം കവണാറ്റിന്‍കരയില്‍ ജില്ലാ ദുരന്തനിവാരണ അഥോറിറ്റിയുടെയും ദേശീയ ദുരന്തനിവാരണ സേനയുടെയും മോക്ഡ്രില്‍. വെള്ളപ്പൊക്ക-പ്രളയ സാഹചര്യങ്ങളില്‍ ഒറ്റപ്പെട്ടുപോകുന്നവരെയും വെള്ളത്തില്‍ വീണുപോകുന്നവരെയും രക്ഷപ്പെടുത്താനും ഉചിതമായ ചികിത്സ ലഭ്യമാക്കാനും സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റാനും ജില്ലാ ദുരന്തനിവാരണ അഥോറിറ്റിയും വകുപ്പുകളും ദേശീയ ദുരന്തനിവാരണ സേനയും (എന്‍ഡിആര്‍എഫ്) നടത്തുന്ന ദ്രുതനടപടികളാണ് മോക്ഡ്രില്ലിലൂടെ നാട്ടുകാരെ പരിചയപ്പെടുത്തിയത്. ദുരന്ത സമാന മാതൃക സൃഷ്ടിച്ചാണ് മോക്ഡ്രില്‍ അരങ്ങേറിയത്.
വെള്ളപ്പൊക്കത്തില്‍ കുമരകം കവണാറ്റിന്‍കര പാലത്തിനു സമീപം അയ്മനം പഞ്ചായത്തിലെ 30 പേര് ഒറ്റപ്പെട്ടു പോയെന്ന വിവരം രാവിലെ 10ന് കോട്ടയം തഹസില്‍ദാരായ എസ്.എന്‍. അനില്‍കുമാറിന് ലഭിക്കുന്നതോടെയാണ് മോക്ഡ്രില്‍ ആരംഭിച്ചത്. വിവരം തഹസില്‍ദാര്‍ കളക്ടറേറ്റിലെ ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന് സെന്ററിൽ അറിയിച്ചു. തുടര്‍ന്ന് ജില്ലാ ദുരന്തനിവാരണ അഥോറിറ്റി, ചെയര്മാൻ കളക്ടര്‍ ജോണ്‍ വി. സാമുവലിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനു നടപടികളെടുക്കുന്നതിന് പോലീസ്, അഗ്നിരക്ഷാസേന അടക്കമുള്ള വകുപ്പുകളോട് നിർദേശിക്കുന്നു.
പോലീസും അഗ്നിരക്ഷാസേനയും മോട്ടോര്‍വാഹനം, റവന്യൂ, ആരോഗ്യം, തദ്ദേശസ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സംഭവസ്ഥലത്തെത്തി. എന്നാൽ, പ്രതികൂല കാലാവസ്ഥമൂലം രക്ഷാപ്രവര്‍ത്തനം ദുഷ്കരമായതിനാല് കൂടുതല്‍ സേന ആവശ്യമാണെന്ന വിവരം രാവിലെ 10.35ന് ഇന്‍സിഡന്റ് കമാന്‍ഡറായ തഹസില്‍ദാര്‍ ജില്ലാ ദുരന്തനിവാരണ അഥോറിറ്റിയെ അറിയിക്കുന്നു. ഇതോടെ ദേശീയ ദുരന്തനിവാരണ സേനയുടെ സേവനം ജില്ലാ കളക്ടര്‍ ആവശ്യപ്പെടുന്നു. തുടര്‍ന്ന് സര്‍വസജ്ജമായി ദേശീയ ദുരന്തനിവാരണ സേനയുടെ 26 അംഗസംഘം കവണാറ്റിന്കരയിലെത്തുന്നു.
റബര്‍ ഡിങ്കി ബോട്ടുകളും രക്ഷാഉപകരണങ്ങളുമായി ദേശീയ ദുരന്തനിവാരണ സേന വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയവരെ രക്ഷിച്ച് കരയിലെത്തിക്കുന്നു. ഇവരില്‍ ശാരീരികാസ്വാസ്ഥ്യം നേരിട്ടവരെ ആംബുലന്‍സില്‍ കുമരകം കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെത്തിച്ച്, ചികിത്സ നല്‍കുകയും മറ്റുള്ളവരെ സുരക്ഷിതമായി കവണാറ്റിന്‍കര എബിഎം ഗവണ്മെന്റ് യുപി സ്കൂളിലെ ക്യാമ്പിലേക്കും മാറ്റുന്നു. 11.47ന് 14 പുരുഷന്മാരും ഒന്‍പത് സ്ത്രീകളും അഞ്ചു ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളുമടക്കമുള്ള ആള്‍ക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി ഇന്‍സിഡന്റ് കമാന്‍ഡറായ തഹസില്‍ദാര്‍ ഡിഇഒസിയെ അറിയിച്ചതോടെ മോക്ഡ്രില്‍ അവസാനിച്ചു.
തുടര്‍ന്ന് വെള്ളത്തില്‍ മുങ്ങിത്താഴുന്നയാളെ എങ്ങനെ രക്ഷിക്കണമെന്ന അറിവു പകരാനുള്ള എന്‍ഡിആര്‍എഫിന്റെ മോക്ഡ്രില്ലും നടന്നു. നാട്ടുകാരും ഹൗസ്ബോട്ട് തൊഴിലാളികളും വിദേശികളുമടക്കം നിരവധി പേര് മോക്ഡ്രില്‍ കാണാനെത്തി.
പ്രകൃതിക്ഷോഭമടക്കമുള്ള ദുരന്തങ്ങളെ നേരിടുന്നതിനായി വിവിധ വിഭാഗം ജനങ്ങള്‍ക്ക് ദുരന്തനിവാരണ ബോധവത്കരണവും പരിശീലനവും നല്‍കുന്നതിനായി ദേശീയ ദുരന്തനിവാരണ സേനയുടെ (എന്‍ഡിആര്‍എഫ്) ചെന്നൈ ആരക്കോണത്തെ നാലാം ബറ്റാലിയനിലെ 26 സേനാംഗങ്ങളാണ് മോക്ഡ്രില്ലില്‍ പങ്കെടുത്തത്. അസിസ്റ്റന്റ് കമന്‍ഡാന്റ് ഡോ.ബി.എസ്. ഗോവിന്ദ്, ഇന്‍സ്പെക്ടര്‍ കപില്‍ എന്നിവര്‍ നേതൃത്വം നല്കി.