പ്രഭാഷണം ഇന്ന്; വേണു രാജാമണി കെപിഎസ് മേനോന് ചെയര്‍ പ്രഫസര്‍
1486180
Wednesday, December 11, 2024 7:14 AM IST
കോട്ടയം: എംജി സര്‍വകലാശാലയുടെ സ്കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്‍ഡ് പൊളിറ്റിക്സിലെ കെപിഎസ് മേനോന് ചെയര്‍ ഫോര്‍ ഡിപ്ലോമാറ്റിക് സ്റ്റഡീസിന്റെ ചെയര്‍ പ്രഫസറായി മുന്‍ നയതന്ത്ര ഉദ്യോഗസ്ഥന് വേണു രാജാമണിയെ നിയോഗിച്ചു. നെതര്‍ലാന്‍ഡ്സിലെ ഇന്ത്യന്‍ അംബാസഡറും ദുബായിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറലുമായിരുന്ന വേണു ഹോങ്കോംഗ്, ബെയ്ജിംഗ്, ജനീവ, വാഷിംഗ്ടണ്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നയതന്ത്ര രംഗത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്.
പ്രണബ് മുഖര്‍ജി രാഷ്ട്രപതിയായിരിക്കെ അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറിയായിരുന്നു. യശ്വന്ത് സിന്‍ഹ വിദേശകാര്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ഓഫീസിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവില്‍ ന്യൂഡല്‍ഹിയിലെ ഒ.പി. ജിന്‍ഡാല്‍ യൂണിവേഴ്സിറ്റിയില്‍ പ്രഫസര്‍ ഓഫ് ഡിപ്ലോമാറ്റിക് പ്രാക്ടീസായി പ്രവര്‍ത്തിക്കുകയാണ്.
ചെയറിന്റെ ആഭിമുഖ്യത്തിലുള്ള ഈ വര്‍ഷത്തെ കെപിഎസ് മേനോന് സ്മാരക പ്രഭാഷണം ഇന്ന് രാവിലെ 11.30നു വേണു രാജാമണി നിര്‍വഹിക്കും. വൈസ് ചാന്‍സലര്‍ ഡോ.സി.ടി. അരവിന്ദകുമാര്‍ അധ്യക്ഷത വഹിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് “നയയന്ത്രം എന്ന കല’’ എന്ന വിഷയത്തില്‍ വേണു രാജാമണി പ്രസംഗിക്കും.