ബാലസൗഹൃദ രക്ഷാകർതൃത്വം: ഏകദിന പരിശീലനം
1486182
Wednesday, December 11, 2024 7:14 AM IST
കോട്ടയം: സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ കുടുംബശ്രീയുമായി സഹകരിച്ച് ബാലസൗഹൃദ രക്ഷാകർതൃത്വം സംബന്ധിച്ച് കുടുംബശ്രീ അംഗങ്ങൾക്ക് ഏകദിന പരിശീലനം നൽകുന്നു. ഏറ്റുമാനൂർ തെള്ളകം ചൈതന്യ പാസ്റ്ററൽ ഹാളിൽ ഇന്നു രാവിലെ 10ന് ബാലാവകാശ കമ്മീഷനംഗം ബി. മോഹൻകുമാർ പരിപാടി ഉദ്ഘാടനം ചെയ്യും.
ബാലസൗഹൃദ കേരളം യാഥാർഥ്യമാക്കുക, ബാലാവകാശ സാക്ഷരത ഉറപ്പുവരുത്തുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റ നേതൃത്വത്തിൽ കേരളത്തിലുടനീളം നടത്തിവരുന്ന ബൃഹത്പ്രചാര പദ്ധതിയാണ് ബാലസൗഹൃദ കേരളം.
ഒരു കോടിയിലധികം വരുന്ന കേരളത്തിലെ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നതോടൊപ്പം കുടുംബാന്തരീക്ഷങ്ങൾ ബാലസൗഹൃദ ഇടങ്ങളാക്കുന്നതിനാണ് കുടുംബശ്രീയുടെ സഹകരണത്തോടുകൂടി പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.