മുണ്ടക്കയം സെന്റ് ജോസഫ്സ് എൽപി സ്കൂളിൽ പ്ലാറ്റിനം ജൂബിലി ആഘോഷം
1485864
Tuesday, December 10, 2024 6:51 AM IST
മുണ്ടക്കയം: സെന്റ് ജോസഫ്സ് എൽപി സ്കൂൾ പ്ലാറ്റിനം ജൂബിലി നിറവിൽ. ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നതെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഇതിന്റെ പ്രാരംഭഘട്ടമായി പൂർവ അധ്യാപക -വിദ്യാർഥി സംഗമം നടത്തി.
ഇതോടനുബന്ധിച്ച് തുടർ പ്രവർത്തനങ്ങൾക്കായി സ്വാഗതസംഘവും രൂപീകരിച്ചു. ജനറൽ കൺവീനറായി സിസ്റ്റർ ജൂലി ഫിഗരേദോ സിഎസ്എസ്ടിയെയും ജോയിന്റ് കൺവീനറുമാരായി പിടിഎ പ്രസിഡന്റ് രഞ്ജിത്ത് കുര്യൻ, രാഹുൽ രവീന്ദ്രൻ, ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ബിന്ദു, അധ്യാപിക കുഞ്ഞുമോൾ ജോസഫ് എന്നിവരെയും തെരഞ്ഞെടുത്തു. ഇതോടൊപ്പം ആറ് കമ്മറ്റികളും രൂപീകരിച്ചു.
കമ്മിറ്റി കൺവീനർമാരായി റെജി ചാക്കോ, ചാർളി കോശി, റെമിൻ രാജൻ, എം.കെ. നാസർ, ജിജി നടയ്ക്കൽ, സെൽവി ടീച്ചർ എന്നിവരെ തെരഞ്ഞെടുത്തു. പ്ലാറ്റിനം ജൂബിലി ഉദ്ഘാടനം വിജയപുരം കോർപറേറ്റ് മാനേജർ റവ.ഡോ. ആന്റണി ജോർജ് പാട്ടപ്പറമ്പിൽ നിർവഹിച്ചു. പ്ലാറ്റിനം ജൂബിലി സ്മാരകമായി സ്കൂൾ ബസ്, വാട്ടർ ടാങ്ക്, പഴയ കെട്ടിടത്തിന്റെ പുനർനിർമാണം എന്നിവയാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. ഒരു വർഷം നീണ്ടുനിൽക്കുന്ന ജൂബിലിയുടെ സന്ദേശം അറിയിക്കുന്നതിനായി സ്കൂൾ ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ ക്രിസ്മസ് കരോൾ നടത്തും.
പത്രസമ്മേളനത്തിൽ സിസ്റ്റർ ജൂലി ഫിഗരേദോ, കുഞ്ഞുമോൾ ജോസഫ്, രഞ്ജിത്ത് കുര്യൻ, എം.കെ. നാസർ, റെജി ചാക്കോ, ചാർലി കോശി എന്നിവർ പങ്കെടുത്തു.