മലയോര മേഖലയിൽ മൊബൈൽ ഫോണുകൾ നോക്കുകുത്തിയാകുന്നു
1486105
Wednesday, December 11, 2024 5:44 AM IST
ഈരാറ്റുപേട്ട: മലയോര മേഖലയിലെ മൊബൈൽ ഫോണുകൾ നോക്കുകുത്തിയാകുന്നു. സിഗ്നൽ ലഭിക്കാത്തതുമൂലം തീക്കോയി, മൂന്നിലവ്, മേലുകാവ് പഞ്ചായത്തുകളിലെ ജനങ്ങൾക്കാണു പുറംലോകവുമായി ബന്ധപ്പെടാൻ സാധിക്കാതെ വരുന്നത്. സിഗ്നൽ ലഭിക്കുന്നില്ലെന്ന് വർഷങ്ങളായിട്ടുള്ള പരാതിയെത്തുടർന്ന് ഈ പഞ്ചായത്തുകളിലായി അഞ്ച് ടവറുകൾ ബിഎസ്എൻഎൽ സ്ഥാപിച്ചിരുന്നു.
തീക്കോയി പഞ്ചായത്തിലെ കല്ലം, വേലത്തുശേരി, മേലുകാവ് പഞ്ചായത്തിലെ ഇലവീഴാപൂഞ്ചിറ, പെരിങ്ങാലി, മൂന്നിലവ് പഞ്ചായത്തിലെ മോസ്കോ എന്നീ സ്ഥലങ്ങളിലാണ് ബിഎസ്എൽ ടവർ സ്ഥാപിച്ചത്. ടവറിന്റെ നിർമാണം പൂർത്തിയായി എട്ടുമാസം കഴിഞ്ഞിട്ടും സിഗ്നൽ നൽകാൻ അധികൃതർ തയാറായിട്ടില്ല.
ഈരാറ്റുപേട്ട-വാഗമൺ റോഡിൽ തീക്കോയി കഴിഞ്ഞാൽ 12 കിലോമീറ്റർ അകലെ വെള്ളികുളത്താണ് ടവറുള്ളത്. ഇതിനിടയിലുള്ള കല്ലം, വേലത്തുശേരി എന്നീ ഭാഗങ്ങളിലെ യാത്രക്കാർക്കും ജനങ്ങൾക്കും മൊബൈൽ ഫോണിലൂടെ സംസാരിക്കാൻ ഒരു മാർഗവുമില്ല. ഇലവീഴാപൂഞ്ചിറയിലെത്തുന്ന വിനോദസഞ്ചാരികൾ മൊബൈൽ നെറ്റ്വർക്ക് ലഭിക്കാതെ വളരെയധികം ബുദ്ധിമുട്ടുന്നുണ്ട്.
ഈ സാഹചര്യം മനസിലാക്കിയാണ് ബിഎസ്എൻഎൽ അഞ്ചിടങ്ങളിൽ ടവർ സ്ഥാപിച്ചത്. ജനങ്ങൾക്കും വിനോദസഞ്ചാരികൾക്കും ഉപകാരപ്രദമാകുന്ന വിധത്തിൽ എത്രയും പെട്ടെന്ന് മൊബൈൽ ടവർ പ്രവർത്തനക്ഷമമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.