വൈക്കത്ത് നാളെ ഗതാഗത ക്രമീകരണം
1486183
Wednesday, December 11, 2024 7:14 AM IST
വൈക്കം: കേരള, തമിഴ്നാട് മുഖ്യമന്ത്രിമാരുടെ വൈക്കം സന്ദർശനത്തോടനുബന്ധിച്ച് വൈക്കം നഗരത്തിലും പരിസരപ്രദേശങ്ങളിലും വ്യാഴാഴ്ച രാവിലെ ഒന്പതു മുതൽ പോലീസ് ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തും. ആലപ്പുഴ, ചേർത്തല, വെച്ചൂർ ഭാഗങ്ങളിൽനിന്ന് എറണാകുളം- തലയോലപ്പറമ്പ് ഭാഗത്തേക്ക് വരുന്ന എല്ലാ വാഹനങ്ങളും തോട്ടുവക്കം, തെക്കേനട, കിഴക്കേനട, ദളവാക്കുളം, ലിങ്ക് റോഡ് തെക്ക്-വടക്കു ഭാഗങ്ങൾ വഴി പോകണം.
എറണാകുളം,തലയോലപ്പറമ്പ് ഭാഗത്തുനിന്നു വെച്ചൂർ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ പുളിഞ്ചുവട്, മുരിയൻകുളങ്ങര, കവരപ്പാടി, ചേരുംചുവട് പാലം വഴി പോകണം.
വെച്ചൂർ ഭാഗത്തുനിന്നുവരുന്ന സർവീസ് ബസുകൾ തോട്ടുവക്കം പാലം കടന്ന് ദളവാക്കുളം ബസ് സ്റ്റാൻഡിലെത്തി ആളുകളെ ഇറക്കി ലിങ്ക് റോഡ് വഴി പാർക്കിംഗിനായി പോകണം.
ടിവിപുരത്തുനിന്നു വരുന്ന സർവീസ് ബസുകൾ ദളവാക്കുളം ബസ്സ്റ്റാൻഡിലെത്തി ആളുകളെ ഇറക്കി ലിങ്ക് റോഡ് വഴി പാർക്കിംഗിനായി പോകണം.
കോട്ടയം, എറണാകുളം ഭാഗങ്ങളിൽനിന്ന് വൈക്കത്തേക്ക് വരുന്ന കെഎസ്ആർടിസി, സ്വകാര്യ ബസുകൾ വലിയ കവലയിലെ മുഖ്യമന്ത്രിമാരുടെ പരിപാടിക്ക് ശേഷമുള്ള സമയം വലിയകവല, കൊച്ചുകവല വഴി ബന്ധപ്പെട്ട സ്റ്റാൻഡുകളിൽ എത്തി അതേ റൂട്ടിൽ തന്നെ തിരിച്ചുപോകണം. എറണാകുളം ഭാഗത്തുനിന്നും ആലപ്പുഴ, കോട്ടയം ഭാഗങ്ങളിലേക്കുള്ള വാഹനങ്ങളും സർവീസ് ബസുകളും, പരിപാടിക്ക് വരുന്ന വാഹനങ്ങളും ഒഴികെയുള്ളവ പുത്തൻകാവു ഭാഗത്തുനിന്നും കാഞ്ഞിരമറ്റം, തലയോലപ്പറമ്പ് വഴി പോകേണ്ടതാണ്.
നാളെ രാവിലെ ഒന്പതു മുതൽ 11 വരെയുള്ള സമയത്ത് പൂത്തോട്ട ഭാഗത്തുനിന്നും വൈക്കം ഭാഗത്തേക്ക് വരുന്ന മുഴുവൻ വാഹനങ്ങളും (സർവീസ് ബസ്, പരിപാടിയിൽ പങ്കെടുക്കാൻ വരുന്ന വാഹനങ്ങൾ ഒഴികെയുള്ളവ) ടോൾ ജംഗ്ഷനിൽനിന്നു തലയോലപ്പറമ്പ് ഭാഗത്തേക്ക് പോകണം.
നാളെ രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 12 വരെ വെച്ചൂർ,ആലപ്പുഴ ഭാഗത്തുനിന്ന് എറണാകുളം, തലയോലപ്പറമ്പ്, കോട്ടയം ഭാഗത്തേക്ക് വരുന്ന മുഴുവൻ വാഹനങ്ങളും (സർവീസ് ബസ്, പരിപാടിയിൽ പങ്കെടുക്കാൻ വരുന്ന വാഹനങ്ങൾ ഒഴികെയുള്ളവ) ഇടയാഴത്തുനിന്നു തിരിഞ്ഞ് കല്ലറ റോഡ് വഴി പോകണം.
നാളെ രാവിലെ ഒന്പത് മുതൽ ഉച്ചയ്ക്ക് ഒന്നു വരെയുള്ള സമയത്ത് കോട്ടയം ഭാഗത്തുനിന്ന് എറണാകുളം ഭാഗത്തേക്ക് പോകുന്ന മുഴുവൻ വാഹനങ്ങളും (സർവീസ് ബസ്, പരിപാടിയിൽ പങ്കെടുക്കാൻ വരുന്ന വാഹനങ്ങൾ ഒഴികെയുള്ളവ) തലപ്പാറ-കാഞ്ഞിരമറ്റം വഴി പോകണം.ഗതാഗത ക്രമീകരണം നടത്തിയിട്ടുള്ള റോഡുകളുടെ ഇരുവശങ്ങളിലും വലിയകവല, വടക്കേനട, പടിഞ്ഞാറേനട, ബോട്ട് ജെട്ടി, ദളവാക്കുളം, കിഴക്കേനട, പടിഞ്ഞാറേനട ഭാഗങ്ങളിലേക്കുള്ള റോഡുകളുടെ ഇരുവശങ്ങളിലും പാർക്കിംഗ് നിരോധിച്ചു.
നാളത്തെ വാഹന പാർക്കിംഗ് ക്രമീകരണങ്ങൾ
വെച്ചൂർ ഭാഗത്തുനിന്ന് കായലോര ബീച്ചിലെ സമ്മേളന നഗരിയിലേക്ക് വരുന്ന കാറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ വൈക്കം ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ട്, വൈക്കം ആശ്രമം സ്കൂൾ ഗ്രൗണ്ടുകൾ എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം.
എറണാകുളം ഭാഗത്തുനിന്നും വരുന്ന ചെറുവാഹനങ്ങൾ വലിയകവല, കെഎസ്ആർടിസി സ്റ്റാൻഡുകൾക്കിടയിലുള്ള റോഡ് സൈഡുകളിൽ സജ്ജീകരിച്ചിട്ടുള്ള പാർക്കിംഗ് ഗ്രൗണ്ടുകളിൽ പാർക്ക് ചെയ്യണം.
തലയോലപ്പറമ്പ് ഭാഗത്തുനിന്നു വരുന്ന ചെറുവാഹനങ്ങൾ വൈറ്റ് ഗേറ്റ് ഹോട്ടലിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ചെറുറോഡിലൂടെ കടന്ന് വർമ പബ്ലിക് സ്കൂളിലെ പാർക്കിംഗ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം.
വൈക്കം കിഴക്കേനടയിൽ ലിങ്ക് റോഡ് ജംഗ്ഷനും അയ്യർകുളങ്ങര ജംഗ്ഷനുമിടയിൽ വാഹനപാർക്കിംഗിനായി പാർക്കിംഗ് ഗ്രൗണ്ടുകൾ സജ്ജീകരിച്ചിട്ടുണ്ട്. അയ്യർകുളങ്ങരയ്ക്ക് സമീപമുള്ള മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് ഡ്രൈവിംഗ് ടെസ്റ്റിനായി ഉപയോഗിച്ചുവരുന്ന ഗ്രൗണ്ടിലും വാഹനങ്ങൾ പാർക്ക് ചെയ്യാം.