എൺപതിന്റെ നിറവിൽ മാര്‍ മാത്യു അറയ്ക്കൽ
1486085
Wednesday, December 11, 2024 5:19 AM IST
കാഞ്ഞിരപ്പള്ളി: ഹൈറേഞ്ചിന്റെ വികസനക്കുതിപ്പിന് കഠിനാധ്വാനം ചെയ്ത മാര്‍ മാത്യു അറയ്ക്കൽ എൺപതിന്റെ നിറവിൽ. 80-ാം പിറന്നാള്‍ കാഞ്ഞിരപ്പള്ളി രൂപത ആസ്ഥാനത്ത് ഇന്നലെ ലളിതമായി ആഘോഷിച്ചു. രാവിലെ പൊടിമറ്റം മേരിമാതാ മൈനർ സെമിനാരിയിൽ മാര്‍ മാത്യു അറയ്ക്കൽ വിശുദ്ധ കുർബാനയർപ്പിച്ചു. ബിഷപ് മാര്‍ ജോസ് പുളിക്കലും വൈദികരും ചേര്‍ന്ന് ആശംസകള്‍ നേര്‍ന്നു.
വികാരി ജനറാൾമാരായ റവ. ഡോ. ജോസഫ് വെള്ളമറ്റം, റവ. ഡോ. കുര്യൻ താമരശേരി, ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യൻ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ. ജൂബി മാത്യു, ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ്, എംഎല്‍എമാരായ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, വാഴൂര്‍ സോമന് തുടങ്ങി സാമൂഹ്യ,
സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ രൂപത ആസ്ഥാനത്തെത്തി ആശംസകൾ നേര്‍ന്നു. ഒട്ടേറെ പ്രമുഖര്‍ ഫോണിലൂടെയും ആശംസകള്‍ അര്‍പ്പിച്ചു. പാസ്റ്ററൽ സെന്ററിൽ മാര്‍ ജോസ് പുളിക്കലിനും വൈദികർക്കുമൊപ്പം മാര്‍ മാത്യു അറയ്ക്കൽ കേക്ക് മുറിച്ചു.
അമ്പൂരിയിൽ തുടങ്ങിയ സാമൂഹ്യസേവനം
1944 ഡിസംബര്‍ 10ന് എരുമേലിയിലെ അറയ്ക്കല്‍ കുടുംബത്തില്‍ മത്തായി-ഏലിയാമ്മ ദമ്പതികളുടെ മകനായാണ് ജനനം. 1971 മാര്‍ച്ച് 13ന് മാര്‍ ആന്റണി പടിയറയില്‍നിന്ന് വൈദികപട്ടം സ്വീകരിച്ചു. ചങ്ങനാശേരി അതിരൂപതയിലെ കുടിയേറ്റ മേഖലയായ അമ്പൂരിയായിരുന്നു ആദ്യകർമരംഗം. രൂപത വിഭജിച്ചപ്പോള്‍ കാഞ്ഞിരപ്പള്ളി രൂപതയുടെ കൂടിയേറ്റ പ്രദേശമായ ഹൈറേഞ്ചിലേക്ക് മാറി.
തുടർന്ന് യാത്രാ സൗകര്യങ്ങളോ അടിസ്ഥാന ജീവിത സൗകര്യങ്ങളോ ഇല്ലാതിരുന്ന ഹൈറേഞ്ചിലെ മലമടക്കുകളില്‍ വികസനമെത്തിക്കാൻ അഹോരാത്രം പണിപ്പെട്ടു. 2001ല്‍ കാഞ്ഞിരപ്പള്ളി രൂപതയുടെ ഭരണസാരഥ്യം ഏറ്റെടുത്തു. പീരുമേട് വികസന സമിതി രൂപീകരിച്ചത് മാർ മാത്യു അറയ്ക്കലാണ്.
പീരുമേട്ടില്‍ ഓര്‍ഗാനിക് തേയില ഫാക്ടറിയും ഓര്‍ഗാനിക് സ്പൈസസ് ഫാക്ടറിയും സ്ഥാപിച്ചു. സഹ്യാദ്രി ആയുര്‍വേദ ആശുപത്രി, സഹ്യാദ്രി ആയുര്‍വേദ ഫാര്‍മസ്യൂട്ടിക്കല്‍സ്, കുട്ടിക്കാനം മരിയൻ കോളജ്, അമൽജ്യോതി എൻജിനി യറിംഗ് കോളജ് എന്നിവയുടെയും സ്ഥാപകനാണ്.