രാമാനുജം സ്മൃതി പുരസ്കാരം ഇ.ടി. വർഗീസിന്
1486103
Wednesday, December 11, 2024 5:37 AM IST
പൊൻകുന്നം: നാടകാചാര്യൻ പ്രഫ.എസ്. രാമാനുജത്തിന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ രാമാനുജം സ്മൃതി പുരസ്കാരം ഇ.ടി. വർഗീസിന്. പൊൻകുന്നം ജനകീയവായനശാല, പാലാ തീയേറ്റർ ഹട്ട്, രാമാനുജത്തിന്റെ കുടുംബാംഗങ്ങളും ശിഷ്യരും ഉൾപ്പെടുന്ന ടെക്നോ ജിപ്സി പ്രൊഡക്ഷൻ എന്നിവ ചേർന്ന് നടത്തുന്ന സ്മൃതിസദസിൽ പുരസ്കാരം സമ്മാനിക്കും.
തൃശൂർ രംഗചേതന എന്ന നാടകസംഘം സ്ഥാപിച്ച് നാടകങ്ങളും ശില്പശാലകളും പ്രസിദ്ധീകരണങ്ങളും സെമിനാറുകളും നടത്തി മലയാളനാടകവേദിയുടെ സുസ്ഥിരമായ മുന്നേറ്റത്തിന് കഴിഞ്ഞ 45 വർഷമായി നൽകിയ സംഭാവനകൾ മാനിച്ചാണ് ഇ.ടി. വർഗീസിനെ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്.
പതിനായിരത്തിയൊന്ന് രൂപ, ശില്പം, പ്രശസ്തിപത്രം എന്നിവയുൾപ്പെട്ടതാണ് പുരസ്കാരം. 14ന് വൈകുന്നേരം പാലാ അരുണാപുരം ഗവൺമെന്റ് എൽപി സ്കൂളിലാണ് പുരസ്കാരദാനം.