കായികതാരം അഭിയയ്ക്ക് വീടൊരുക്കാന്‍ മുത്തൂറ്റ് പാപ്പച്ചന് ഗ്രൂപ്പ്
1486096
Wednesday, December 11, 2024 5:37 AM IST
മുണ്ടക്കയം: യുവകായിക താരം അഭിയയ്ക്ക് പുതിയ ഭവനം നിര്‍മിക്കുവാനായി മുത്തൂറ്റ് പാപ്പച്ചന് ഗ്രൂപ്പ് രംഗത്ത്. മുണ്ടക്കയം പുലിക്കുന്ന് സ്വദേശിയും ഒമ്പതാം ക്ലാസ് വിദ്യാർഥിനിയുമായ അഭിയ ആന്‍ ജിജിക്കാണ് വീടൊരുക്കുന്നത്. തറക്കല്ലിടീല്‍ കര്‍മം മുത്തൂറ്റ് വോളിബോള്‍ അക്കാദമി ടെക്നിക്കല്‍ ഡയറക്ടര്‍ ബിജോയ് ബാബു നിര്‍വഹിച്ചു. പുലിക്കുന്നിലെ അഭിയയുടെ കുടുംബത്തിന്റെ പേരിലുള്ള സ്ഥലത്താണ് വീട് നിര്‍മിക്കുന്നത്.
നിലവില്‍ അഭിയയും കുടുംബവും താമസിക്കുന്ന വീടിന്റെ ശോച്യാവസ്ഥ പരിഹരിക്കുമെന്ന് മുത്തൂറ്റ് പാപ്പച്ചന് ഗ്രൂപ്പ് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍, എന്‍ജിനിയറിംഗ് വിഭാഗം പരിശോധന നടത്തിയപ്പോള്‍ വീട് വാസയോഗ്യമല്ലെന്ന് മനസിലായി. ഇതേതുടര്‍ന്നാണ് പുതിയ വീട് നിര്‍മിച്ചു നല്കുവാന് തീരുമാനമെടുത്തത്. സംസ്ഥാന കായിക മേളയുടെ വേദിയില്‍ അഭിയയ്ക്ക് സ്പോര്‍ട്സ് കിറ്റും കൈമാറിയിരുന്നു. പ്രതിമാസം പതിനായിരം രൂപ സ്കോളര്‍ഷിപ്പും അഭിയയ്ക്ക് നല്‍കുന്നുണ്ട്.
പുലിക്കുന്ന് സ്വദേശി ജിജിമോന്റെയും അന്നമ്മയുടെയും മകളാണ് അഭിയ. ഭുവനേശ്വറില്‍ നടക്കുന്ന ദേശീയ ജൂനിയര്‍ അത്ലറ്റിക് മീറ്റില്‍ കേരളത്തിനായി മത്സരിക്കുന്ന താരം ഹൈജംബില് ഫൈനല്‍ പ്രവേശനം നേടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം അഹമ്മദാബാദില്‍ നടന്ന ദേശിയ ഇന്റര്‍ ഡിസ്ട്രിക്ട് അത്ലറ്റിക് മീറ്റീല്‍ കേരളത്തിന്റെ ഏക മെഡല്‍ ജേതാവുകൂടിയാണ് അഭിയ. കൂടാതെ, ഇടുക്കി റവന്യു ജില്ലാ സ്കൂള്‍ കായിക മേളയില്‍ മൂന്നു സ്വര്‍ണവും താരം കരസ്ഥമാക്കിയിട്ടുണ്ട്. ഹൈജംപ്, ലോംഗ്ജംപ്, 100 മീറ്റര്‍ ഹര്‍ഡില്‍സ് എന്നീ വിഭാഗങ്ങളിലാണ് അഭിയ മത്സരിച്ചത്.
വീടിന്റെ തറക്കല്ലിടീല്‍ ചടങ്ങില്‍ ഫാ. അലക്സ് (മാര്‍ത്തോമ്മ പള്ളി, മുണ്ടക്കയം), മുത്തൂറ്റ് ക്യാപ്പിറ്റല്‍ സര്‍വീസ് സിഎസ്ആര്‍ മാനേജര്‍ ജോവിന് ജോണ്‍, അഭിയയുടെ പരിശീലകന് സന്തോഷ് ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു. സമയബന്ധിതമായി വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി കുടുംബത്തിന് താക്കോല്‍ കൈമാറുമെന്ന് മുത്തൂറ്റ് പാപ്പച്ചന് ഗ്രൂപ്പ് സ്പോര്‍ട്സ് ഡിവിഷന് ഡയറക്ടര്‍ ഹന്ന മുത്തൂറ്റ് അറിയിച്ചു.