ക്ഷീരസാന്ത്വനം മെഡിക്ലെയിം ഇന്‍ഷ്വറന്‍സ്
1485872
Tuesday, December 10, 2024 6:51 AM IST
കോട്ടയം: കേരള ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡിന്റെ ക്ഷീരസാന്ത്വനം മെഡിക്ലെയിം ഇന്‍ഷ്വറന്‍സ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആരോഗ്യ സുരക്ഷ, അപകടസുരക്ഷ, ലൈഫ് ഇന്‍ഷ്വറന്‍സ് എന്നീ മൂന്ന് ഇന്‍ഷ്വറന്‍സ് പരിരക്ഷകള്‍ പദ്ധതിയിലൂടെ ലഭ്യമാകുന്നു. ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ചേരുന്ന തീയതിമുതല്‍ കവറേജ് ലഭിക്കും.
ഇന്‍ഷ്വറന്‍സില്‍ ചേരുന്നതോ, പുതുക്കുന്നതോ ആയ ആദ്യത്തെ 18,200 ക്ഷീരകര്‍ഷക ക്ഷേമനിധി അംഗങ്ങള്‍ക്ക് 3,175 രൂപയുടെ സബ്സിഡി ധനസഹായം ലഭിക്കും. ആരോഗ്യ സുരക്ഷാ പോളിസിയില്‍ കര്‍ഷകരുടെ കുടുംബത്തിനു രണ്ടു ലക്ഷം രൂപവരെ (നിലവിലെ അസുഖങ്ങള്‍ക്ക് 50,000 രൂപ) ചികിത്സാചെലവ് ലഭിക്കും.
അപകട സുരക്ഷാ പോളിസിയില്‍ അപകടമരണത്തിനും സ്ഥായിയായ അംഗവൈകല്യത്തിനും ഏഴു ലക്ഷം രൂപവരെ ധനസഹായം എന്റോള്‍ ചെയ്തയാളുടെ കുടുംബത്തിനു ലഭിക്കും. ലൈഫ് ഇന്‍ഷ്വറന്‍സ് പോളിസിയിലൂടെ എന്റോള്‍ ചെയ്ത 18 മുതല്‍ 60 വയസ് വരെയുള്ള ക്ഷീരകര്‍ഷകന്റെ സാധാരണ മരണത്തിന് ഒരു ലക്ഷം രൂപയും കുടുംബത്തിനു ലഭിക്കും. 80 വയസു വരെയുള്ളവര്‍ക്കു ക്ഷീരകര്‍ഷകര്‍ക്ക് ക്ഷീരസാന്ത്വനം പദ്ധതിയില്‍ ചേരാം. ക്ഷീരസംഘം ജീവനക്കാര്‍ക്കും പദ്ധതിയില്‍ സബ്സിഡി ആനുകൂല്യമില്ലാതെ ചേരാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ക്ഷീരസംഘങ്ങളുമായോ ബ്ലോക്ക് തല ക്ഷീരവികസന യൂണിറ്റ് ഓഫീസുമായോ ബന്ധപ്പെടാം.