സംരക്ഷണഭിത്തി നിർമിക്കാൻ 10 ലക്ഷം രൂപ അനുവദിക്കും
1485913
Tuesday, December 10, 2024 7:13 AM IST
കോട്ടയം: കനത്ത മഴയിൽ സമീപത്തുള്ള തോടിന്റെ സംരക്ഷണഭിത്തി തകർന്ന് അപകടാവസ്ഥയിലായ തോമസിന്റെയും ഏലിയാമ്മയുടെയുംകിടപ്പാടത്തിന് കരുതലും കൈത്താങ്ങുമായി കോട്ടയം താലൂക്ക് അദാലത്ത്. പുതുപ്പള്ളി എറികാട് സ്വദേശികളായ ഇവരുടെ വീടിനോടു ചേർന്നുള്ള തോടിന് സംരക്ഷണഭിത്തി കെട്ടുന്നതിന് 10 ലക്ഷം രൂപ അനുവദിക്കാൻ മന്ത്രി വി.എൻ. വാസവനും മന്ത്രി റോഷി അഗസ്റ്റിനും പങ്കെടുത്ത കോട്ടയം താലൂക്ക് അദാലത്ത് നിർദേശം നൽകി.
പഴക്കം ചെന്ന ഇവരുടെ വീടുകൾക്ക് മഴക്കാലത്ത് അപകടം സംഭവിക്കാനുള്ള സാധ്യത പരിഗണിച്ചാണ് എസ്റ്റിമേറ്റ് പ്രകാരം സംരക്ഷണഭിത്തി നിർമിക്കാൻ 10 ലക്ഷം രൂപ അനുവദിക്കാൻ മൈനർ ഇറിഗേഷൻ വകുപ്പിന് മന്ത്രി റോഷി അഗസ്റ്റിൻ നിർദേശം നൽകിയത്.
പഞ്ചായത്തിലെ 13-ാം വാർഡ് തറയിൽ പാലത്തിന്റെ താഴ്ഭാഗത്ത് താമസിക്കുന്ന മള്ളിക്കടുപ്പിൽ തോമസ് ജോൺ, ഏനാദിക്കൽ ഏലിയാമ്മ ജോൺ എന്നിവരുടെ വീടിനോടു ചേർന്നുള്ള തോടിന്റെ സംരക്ഷണ ഭിത്തി 2021 ൽ ഉണ്ടായ കനത്ത മഴയിൽ തകർന്നിരുന്നു. ഇതിനോടു ചേർന്നുള്ള റോഡിന്റെ സംരക്ഷണ ഭിത്തിയും തകർന്ന് അപകടാവസ്ഥയിലാണ്. ഇതിനു പരിഹാരം തേടിയാണ് തോമസും ഏലിയാമ്മയും അദാലത്തിൽ പരാതി നൽകിയത്.
അദാലത്തിൽ ഹാജരായ തോമസ് ജോണിന്റെ ഭാര്യ ബീന തോമസിന്റെ പരാതി വിശദമായി കേട്ട അദാലത്ത് ഉടനടി വേണ്ട നടപടികൾ സ്വീകരിക്കാൻ മൈനർ ഇറിഗേഷൻ വകുപ്പിന് നിർദേശം നൽകുകയും 10 ലക്ഷം രൂപ അനുവദിക്കാൻ നിർദേശിക്കുകയുമായിരുന്നു.