ചങ്ങനാശേരി നഗരസഭയിലെ രസീത് മോഷ്ടിച്ചു ക്രമക്കേട് : അന്വേഷണം മന്ദഗതിയിലെന്ന്
1485909
Tuesday, December 10, 2024 7:13 AM IST
ചങ്ങനാശേരി: നഗരസഭയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷങ്ങളില്‍ ഉപയോഗിച്ച നികുതിപിരിവ് രസീതുകള്‍ മോഷ്ടിച്ച് ക്രമക്കേടുകള്‍ നടത്തിയതു സംബന്ധിച്ച കേസ് അന്വഷണം മന്ദഗതിയിലെന്നും പോലീസിന് രാഷ്ട്രീയ സമ്മര്‍ദമെന്നും ആക്ഷേപമുയരുന്നു. നഗരസഭാ സെക്രട്ടറി പരാതി നല്കി ആഴ്ചകള്‍ പിന്നിട്ടിട്ടും സംഭവത്തെക്കുറിച്ചുള്ള അന്വേഷണം മന്ദീഭവിച്ചതിലാണ് ദുരൂഹതയേറുന്നത്.
കെട്ടിടങ്ങളുടെ പെര്‍മിറ്റ് തരപ്പെടുത്തി നല്കുന്ന ഒരാളെക്കുറിച്ചാണ് നഗരസഭാ സെക്രട്ടറി രേഖാമൂലം പരാതി നല്‍കിയതെങ്കിലും അന്വേഷണം എങ്ങുമെത്തിയിട്ടില്ല. ഇതിനുപിന്നില്‍ ഭരണകക്ഷി രാഷ്ട്രീയ ഇടപെടല്‍ ഉണ്ടെന്ന വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്.
നഗരസഭയുടെ 15-ാം വാര്‍ഡില്‍ പെരുന്ന മലേക്കുന്ന് സ്വദേശിയുടെ കെട്ടിടത്തിന്റെ പേരിലാണ് നികുതി അടച്ചതായി രേഖയുണ്ടാക്കാന്‍ ശ്രമം നടന്നത്. ഈ കെട്ടിടത്തിന്റെ രണ്ടാം നിലയ്ക്ക് പെര്‍മിറ്റ് എടുക്കണമെന്നാവശ്യപ്പെട്ട് നഗരസഭ കത്ത് നല്‍കിയിരുന്നു. എന്നാൽ, ഈ നിര്‍മാണത്തിന് ടാക്സ് അടച്ചതായി ലൈസന്‍സി രസീത് നല്‍കിയിരുന്നു. ഇതുമായി കെട്ടിടമുടമ നഗരസഭയിലെത്തിയതോടെയാണ് രസീത് വ്യാജമാണെന്ന് കണ്ടെത്തിയത്.
2024 ജനുവരി ഒന്നുമുതല്‍ കെ-സ്മാര്‍ട്ട് നിലവില്‍ വന്നതിനാൽ നികുതിപിരിവിനു മാനുവല്‍ രസീത് നല്‍കുന്നില്ല. കമ്പ്യൂട്ടര്‍ പ്രിന്റഡ് രസീത് മാത്രമാണ് നല്‍കുന്നത്. ഇതിന് വിപരീതമായി മാനുവല്‍ രസീതുമായി കെട്ടിടമുടമ വന്നതോടെയാണ് തട്ടിപ്പ് പുറത്തായത്.
രസീത് ക്രമക്കേടിലെ കുറ്റക്കാരെ കണ്ടുപിടിക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ സെക്രട്ടറി രണ്ടാഴ്ച മുമ്പാണ് പോലീസില്‍ പരാതി നല്‍കിയത്. എങ്ങനെ മാനുവല്‍ രസീത് സൃഷ്ടിക്കപ്പെട്ടുവെന്ന അന്വേഷണമാണ് ഇതിൽ നടക്കേണ്ടത്.
നഗരസഭാ ഓഫീസ് കേന്ദ്രീകരിച്ച് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് കെട്ടിട ലൈസന്‍സ്, പെര്‍മിറ്റ്, മറ്റ് ഇടപാടുകള്‍ തുടങ്ങിയവ തരപ്പെടുത്തി നല്കുന്ന ഇടനിലക്കാരെക്കുറിച്ചു പരാതി വ്യാപകമായിട്ടും ഭരണാധികാരികള്‍ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന പരാതി ശക്തമാണ്. നഗരപരിധിയില്‍ അനധികൃത നിര്‍മാണങ്ങള്‍ വ്യാപകമാകുന്നതിനു പിന്നില്‍ ഉദ്യോഗസ്ഥ, രാഷ്ട്രീയ, ഇടനില സംഘങ്ങളുടെ കൂട്ടുകെട്ടുണ്ടെന്ന ആക്ഷേപവും ശക്തമാണ്.