രണ്ടാംമൈലിൽ അപകടമൊഴിവാക്കാൻ മുൻകരുതൽ നടപടികൾ വേണം
1485868
Tuesday, December 10, 2024 6:51 AM IST
പൊൻകുന്നം: രണ്ടാംമൈലിൽ അപകടമൊഴിവാക്കാൻ മുൻകരുതൽ നടപടികൾ വേണമെന്ന ആവശ്യം ശക്തം. മൂന്നു റോഡുകൾ പാലാ-പൊൻകുന്നം ഹൈവേയിലേക്ക് വന്നുചേരുന്ന രണ്ടാംമൈൽ കവലയിൽ യാതൊരു സുരക്ഷാക്രമീകരണവുമില്ല. വിവിധ അപകടങ്ങളിൽ ഈ ഭാഗത്ത് നാലുമരണം നടന്നിട്ടും ക്രമീകരണമൊരുക്കുന്നതിൽ അധികൃതരുടെ അലംഭാവം തുടരുകയാണ്.
വളവോടുകൂടിയ കവലയിലാണ് ഇരുവശത്തേക്കുമുള്ള ബസ് സ്റ്റോപ്പുകൾ, കൊടുങ്ങൂർ റോഡ്, മുത്താരമ്മൻകോവിൽ-വെളിയന്നൂർ റോഡ്, പനമറ്റം-അക്കരക്കുന്ന് റോഡ് എന്നിവയുടെ തുടക്കം. ഈ റോഡുകളിൽനിന്നു വരുന്ന വാഹനങ്ങൾ ഹൈവേയിലേക്ക് പ്രവേശിക്കുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടസാധ്യത ഏറെയാണ്. വളവായതിനാൽ പാലാ-പൊൻകുന്നം റോഡിൽ അമിതവേഗത്തിലെത്തുന്ന വാഹനങ്ങൾ ഉപറോഡുകളിൽ നിന്നുവരുന്ന വാഹനങ്ങൾക്ക് ഭീഷണിയാണ്.
മൂന്ന് ഉപറോഡുകളും സംഗമിക്കുന്നിടത്ത് ട്രാഫിക് കണ്ണാടി സ്ഥാപിച്ചാൽ ഹൈവേയിലൂടെ വരുന്ന വാഹനങ്ങൾ കാണാനും സുരക്ഷിതമായി പ്രവേശിക്കാനുമാകും. ഹൈവേയിൽ റിഫ്ളക്ടറുകളോടുകൂടിയ റന്പിൾ സ്ട്രിപ്പ് കവലയുടെ ഇരുവശത്തും സ്ഥാപിച്ചാൽ അമിതവേഗം കുറയ്ക്കാനാകുമെന്ന് പ്രദേശവാസികൾ പറഞ്ഞു.