മുഖ്യമന്ത്രിമാരുടെ വാഹനങ്ങൾ സർക്കാർ അതിഥിമന്ദിരത്തിനുള്ളിലൂടെ കായലോര ബീച്ചിലെത്തും
1485902
Tuesday, December 10, 2024 7:13 AM IST
വൈക്കം: തന്തൈ പെരിയോർ ഇ.വി.രാമസ്വാമി നായ്ക്കർ പങ്കെടുത്ത വൈക്കം സത്യഗ്രഹ സമരത്തിന്റെ ശതാബ്ദി സമാപന സമ്മേളന വേദിയിലേയ്ക്ക് കേരള, തമിഴ്നാട് മുഖ്യമന്ത്രിമാരുടെ ഉൾപ്പെടെയുള്ള പ്രമുഖരുടെ വാഹനവ്യൂഹത്തിന് സുഗമമായി പ്രവേശിക്കാൻ കായലോരത്തെ സർക്കാർ അതിഥിമന്ദിരത്തിന്റെ ടിൻഷീറ്റ് മേഞ്ഞസുരക്ഷാവേലി നീക്കി.
പോലീസിന്റെ അഭ്യർഥനയെ തുടർന്ന് പിഡബ്ല്യുഡി ബിൽഡിംഗ് വിഭാഗം അധികൃതരാണ് വേലി പൊളിച്ചുനീക്കിയത്. വൈക്കം സത്യഗ്രഹ സമരത്തിന്റെ ശതാബ്ദി ആഘോഷത്തിന്റെ ആരംഭത്തിൽ കേരള തമിഴ്നാട് മുഖ്യമന്ത്രിമാർ, കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുന ഖാർഗെ എന്നിവർക്ക് സമ്മേളന നഗരിയിലേക്കെത്താനായി സർക്കാർ അതിഥിമന്ദിരത്തിന്റെ മതിൽ പൊളിച്ചു നീക്കിയിരുന്നു. പിന്നീട് ഈ മതിൽ പുനർനിർമിക്കാതെ ടിൻഷീറ്റുകൊണ്ട് സുരക്ഷാവേലി തീർക്കുകയായിരുന്നു.
ബോട്ടുജെട്ടി ഭാഗത്തുകൂടി കെടിഡിസി മോർട്ടലിനു മുന്നിലൂടെയാണ് കായലോര ബീച്ചിലേയ്ക്ക് പ്രവേശിക്കുന്നത്. കെടിഡി സി മോർട്ടലിനു സമീപത്തെ വളവിലൂടെ വലിയ വാഹനങ്ങൾ തിരിഞ്ഞ് പോകാത്തതിനാലാണ് സർക്കാർ അതിഥിമന്ദിരത്തിനുള്ളിലൂടെ വിവിഐപികൾക്ക് കടന്നുപോകുന്നതിന് സൗകര്യമൊരുക്കുന്നത്.