ഹയര്‍ സെക്കന്‍ഡറി എന്‍എസ്എസ് ക്യാമ്പ്: ക്രിസ്മസ്ദിനം ഒഴിവാക്കി സര്‍ക്കുലര്‍
1485904
Tuesday, December 10, 2024 7:13 AM IST
ചങ്ങനാശേരി: പ്രതിഷേധം ശക്തമായപ്പോള്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം എന്‍എസ്എസ് ക്യാമ്പില്‍നിന്നു ക്രിസ്മസ്ദിനം ഒഴിവാക്കിക്കൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡറയക്ടര്‍ (അക്കാഡമിക്) ഉത്തരവിറക്കി. സുസ്ഥിരവികസനത്തിനായി എന്‍എസ്എസ് യുവത എന്ന ആശയത്തിലധിഷ്ഠിതമായി സംഘടിപ്പിച്ചിരുന്ന് അവധിക്കാല സപ്തദിന ക്യാമ്പില്‍ ക്രിസ്മസ് ദിനവും ഉള്‍പ്പെട്ടിരുന്നു. വിവിധ ക്രൈസ്തവ സംഘടനകളും അധ്യാപക സംഘടനകളും ഇക്കാര്യത്തില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ത്തിയിരുന്നു.
ഇന്നലെ ഇറങ്ങിയ സര്‍ക്കുലറിലാണ് ക്രിസ്മസ് ദിനം ഒഴിവാക്കി ഏഴു ദിവസങ്ങളില്‍ ക്യാമ്പ് സംഘടിപ്പിക്കണമെന്ന ഉത്തരവിറങ്ങിയത്. എന്‍എസ്എസ് മാനുവലിന് അനുസൃതമായി യൂണിറ്റുതല ഉപദേശക സമിതികള്‍ ചേര്‍ന്ന് ക്യാമ്പിന്റെ സംഘാടനം ആസൂത്രണം ചെയ്യണമെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 24, 25 ദിവസങ്ങള്‍ ഒഴിവാക്കി ക്യാമ്പ് പുനഃക്രമീകരിക്കണമെന്നാണ് വിവിധ സംഘടനകള്‍ ചൂണ്ടിക്കാട്ടിയിരുന്നത്.