മീഡിയാ വില്ലേജ് അങ്കണത്തില്‍ "മണ്ണറിവ്-24' പ്രകൃതികൃഷി കാര്‍ഷികമേള 12 മുതൽ
1485907
Tuesday, December 10, 2024 7:13 AM IST
ചങ്ങനാശേരി: കുന്നന്താനം സങ്കേതം ആശ്രമം പ്രകൃതി കൂട്ടായ്മയുടെ നേതൃത്വത്തില്‍ നബാര്‍ഡ്, വാഴപ്പള്ളി കൃഷി ഭവന്, മീഡിയാ വില്ലേജ്, സര്‍ഗക്ഷേത്ര എന്നിവരുടെ സഹകരണത്തോടെ 12 മുതല്‍ 14 വരെ മീഡിയാ വില്ലേജ് അങ്കണത്തില്‍വച്ച് "മണ്ണറിവ്-24’ പ്രകൃതി കൃഷി കാര്‍ഷികമേള സംഘടിപ്പിക്കുമെന്ന് സിസ്റ്റര്‍ നവീന സിഎംസി, പ്രഫ. ജോസഫ് ടിറ്റോ, എം. കുര്യന്, ജോയല്‍ കാട്ടടി, തോമസ് ജെ. മാന്തറ, ഇ.ജെ. ജോസഫ് ഇളപ്പുങ്കല്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ശില്പശാലകള്, എക്സിബിഷന്, പ്രകൃതി കൃഷി ഉത്പന്നങ്ങളുടെ വിപണനമേള, മണ്ണിന്റെ അമ്ല പരിശോധന, നാടന്‍ പാട്ടുമേള തുടങ്ങിയ പരിപാടികളുണ്ടാകും.
12ന് രാവിലെ പത്തിന് ജോബ് മൈക്കിള്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ കൃഷ്ണകുമാരി രാജശേഖരന് അധ്യക്ഷത വഹിക്കും. വിപണന മേള മീഡിയ വില്ലേജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോഫി പുതുപ്പറമ്പിലും കാര്‍ഷിക ശില്പശാല മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തംഗം വര്‍ഗീസ് ആന്റണിയും എക്സിബിഷന് വാഴപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് മിനി വിജയകുമാറും ഉദ്ഘാടനം ചെയ്യും. പ്രഫ. ജോസഫ് ടിറ്റോ ക്ലാസ് നയിക്കും.
13ന് രാവിലെ പത്തിനു നടക്കുന്ന സിമ്പോസിയത്തില്‍ ദേശീയ പ്രകൃതി കൃഷി അവാര്‍ഡ് ജേതാവ് പി.കെ. കുമാരന് നീലഗിരി, പ്രകൃതി കൃഷി വിദഗ്ധന്‍ ഏബ്രഹാം ചാക്കോ എന്നിവര്‍ വിഷയാവതരണം നടത്തും. പലേക്കര്‍ പ്രകൃതി കൃഷി കോഓര്‍ഡിനേറ്റര്‍ എം. കുര്യന് മോഡറേറ്ററായിരിക്കും.
14ന് ഉച്ചകഴിഞ്ഞ് മൂന്നിനു ചേരുന്ന സമാപന സമ്മേളനം അര്‍ബന്‍ സഹകരണബാങ്ക് പ്രസിഡന്റ് അഡ്വ. ജോസഫ് ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. സിസ്റ്റര്‍ നവീന സിഎംസി അധ്യക്ഷത വഹിക്കും.