എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്നങ്ങള്‍ ഏകാംഗ നാടകത്തിലൂടെ അവതരിപ്പിച്ച് ദയാബായി
1486090
Wednesday, December 11, 2024 5:19 AM IST
കോട്ടയം: മനുഷ്യാവകാശദിനത്തില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്നങ്ങള്‍ എകാംഗ നാടകത്തിലൂടെ അവതരിപ്പിച്ച് ദയാബായി. അര്‍ച്ചന വിമന്‍സ് സെന്ററിന്റെ നേതൃത്വത്തില്‍ ചങ്ങനാശേരി എസ്ബി കോളജ്,
കോട്ടയം ബിസിഎം കോളജ് സോഷ്യല്‍ വര്‍ക്ക് വിഭാഗത്തിന്റെ സഹകരണത്തോടെ നാഗമ്പടത്ത് സംഘടിപ്പിച്ച മനുഷ്യാവകാശ ദിനാചരണത്തിലാണ് മനുഷ്യാവകാശ പ്രവര്‍ത്തകയായ ദയാബായിഎന്ഡോസള്ഫാന് ദുരിത മേഖലയിലെ മനുഷ്യാവകാശ ലംഘനത്തിനെതിരേ പ്രതികരിച്ചത്. സ്ത്രീകളും കുട്ടികളും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ പശ്ചാത്തലമാക്കി അവതരിപ്പിച്ച നാടകാവിഷ്കരണത്തിലും ദയാബായി ഭാഗമായി.
ദിനാചരണത്തിന്റെ ഭാഗമായി മനുഷ്യാവകാശദിന സന്ദേശ റാലിയും നടത്തി. ബിസിഎം കോളജ് അവതരിപ്പിച്ച ഫ്ളാഷ് മോബും ഇടുക്കി റീജണ്‍ കമ്യൂണിറ്റി ആക്ഷന്‍ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ നേര്‍കാഴ്ച എന്ന തെരുവു നാടകവും അവതരിപ്പിച്ചു.
റെയില്‍വേ സ്റ്റേഷന് പരിസരത്തുനിന്നും ആരംഭിച്ച മനുഷ്യാവകാശദിന സന്ദേശറാലി ജില്ലാ വിമൻ പ്രൊട്ടക്ഷന്‍ ഓഫീസര്‍ ലൈജു രവി ഫ്ളാഗ് ഓഫ് ചെയ്തു. അര്‍ച്ചന വിമന്‍സ് സെന്റര്‍ ഡയറക്ടര്‍ ത്രേസ്യാമ്മ മാത്യുവിന്റെ അധ്യക്ഷതയില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു.
ബിസിഎം കോളജ് സോഷ്യല്‍ വര്‍ക്ക് വിഭാഗം മേധാവി ഡോ. ഐപ്പ് വര്‍ഗീസ്, അര്‍ച്ചന വിമന്‍സ് സെന്റര്‍ ജെന്‍ഡര്‍ ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്സ് കോ ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ റെജി അഗസ്റ്റിന്, അസിസ്റ്റന്റ് ഡയറക്ടര്‍ ആനി ജോസഫ്, സീനിയര്‍ പ്രോഗ്രാം ഓഫീസര്‍ ഷൈനി ജോഷി, റീജണല്‍ ലീഡര്‍ ടിനു ഫ്രാന്‍സിസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.