വൈക്കം സത്യഗ്രഹ ശതാബ്ദി സമാപന സമ്മേളനം 12ന്
1485869
Tuesday, December 10, 2024 6:51 AM IST
വൈക്കം: തന്തൈ പെരിയോർ ഇ.വി. രാമസ്വാമി നായ്ക്കർ പങ്കെടുത്ത വൈക്കം സത്യഗ്രഹ സമരത്തിന്റെ ശതാബ്ദി ആഘോഷ സമാപന സമ്മേളന ഉദ്ഘാടനവും നവീകരിച്ച തന്തൈ പെരിയോർ സ്മാരകത്തിലെ ലൈബ്രറി,മ്യൂസിയം എന്നിവയുടെ ഉദ്ഘാടനവും 12ന് നടക്കും.
12ന് രാവിലെ 10ന് തന്തൈ പെരിയോർ സ്മാരകത്തിലെ ലൈബ്രറിയുടെയും മ്യൂസിയത്തിന്റെയും ഉദ്ഘാടനം തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും കേരള മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് നിർവഹിക്കും. തുടർന്ന് വൈക്കം കായലോര ബീച്ചിൽ നടക്കുന്ന സമ്മേളനം തമിഴ്നാട് എം.കെ. സ്റ്റാലിൻ ഉദ്ഘാടനം ചെയ്യും. പിണറായി വിജയൻ അധ്യക്ഷത വഹിക്കും.
എം.കെ.സ്റ്റാലിൻ നാളെ ഉച്ചകഴിഞ്ഞ് കൊച്ചിയിൽ വിമാനമാർഗം എത്തിയ ശേഷം കാറിൽ കുമരകത്ത്എത്തി ഹോട്ടലിൽ താമസിക്കും. മുഖ്യമന്ത്രി പിണറായി വിജയനും നാളെ രാത്രി കുമരകത്ത് എത്തും.12ന് ഇരുവരും ഒരുമിച്ച് വൈക്കത്തെ സമ്മേളന നഗറിലെത്തും. തമിഴ്നാട് പൊതുമരാമത്ത് മന്ത്രി ഇ.എം. വേലു ഇന്നലെത്തന്നെ വൈക്കത്തെത്തിയിരുന്നു.
മന്ത്രിമാരായ വി.എൻ. വാസവൻ, സജി ചെറിയാൻ എന്നിവർ മുഖ്യമന്ത്രിക്കൊപ്പമെത്തും. 5000 പേർക്ക് ഇരിക്കാവുന്ന കൂറ്റൻ പന്തലാണ് ഏഴര ഏക്കർ വിസ്തൃതിയുള്ള കായലോര ബീച്ചിൽ ഒരുക്കുന്നത്. ഇരുപതിനായിരത്തോളം പേർ സമ്മേളനത്തിന്റെ ഭാഗമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.