മൈക്കിൾ എ. കള്ളിവയലിൽ മെമ്മോറിയൽ അവാർഡ് സമ്മാനിച്ചു
1485875
Tuesday, December 10, 2024 6:51 AM IST
കോട്ടയം: കേരള കാത്തലിക് ട്രസ്റ്റിന്റെ പ്രസിഡന്റായി നീണ്ട 42 വർഷക്കാലം സേവനം ചെയ്ത മൈക്കിൾ എ. കള്ളിവയലിന്റെ സ്മരണാർഥം കേരള കാത്തലിക് ട്രസ്റ്റ് ഏർപ്പെടുത്തിയ മൈക്കിൾ എ. കള്ളിവയലിൽ മെമ്മോറിയൽ അവാർഡ് കാഞ്ഞിരപ്പള്ളി ബെത്ലഹേം ഭവന്. സീറോ മലബാർ സഭ കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലിൽനിന്നു ബെത്ലഹേം ഭവൻ ഡയറക്ടർ ഫാ. ജിൻസ് വാതല്ലൂക്കുന്നേൽ അവാർഡ് ഏറ്റുവാങ്ങി.
ട്രസ്റ്റിന്റെ 78ാം വാർഷിക പൊതുയോഗത്തോടനുബന്ധിച്ച് ചേർന്ന യോഗത്തിലാണ് അവാർഡ് വിതരണം ചെയ്തത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങിയതാണ് അവാർഡ്.
കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിൽ കഴിഞ്ഞ 10 വർഷമായി പ്രവർത്തിക്കുന്ന ബെത്ലഹേം ഭവനിൽ അനാഥരും ആലംബഹീനരുമായ 85 പേരെ സംരക്ഷിച്ചു പോരുന്നുണ്ട്.
ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി കേരള കാത്തലിക് ട്രസ്റ്റും കോട്ടയം ലൂർദ് ജീവകാരുണ്യ കമ്മിറ്റിയും സംയുക്തമായി നിർമിച്ചുനൽകുന്ന വീടിന്റെ നിർമാണത്തിനായി ട്രസ്റ്റ് നൽകുന്ന എട്ടുലക്ഷം രൂപയുടെ ചെക്ക് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ലൂർദ് ജീവകാരുണ്യ കമ്മിറ്റി ഭാരവാഹികൾക്ക് കൈമാറി.
നിരാലംബരായ വയോജനങ്ങളെ പരിപാലിക്കുന്നതിനുവേണ്ടി എലിക്കുളത്ത് പ്രവർത്തിക്കുന്ന സെറിനിറ്റി ഹോമിനു കാത്തലിക് ട്രസ്റ്റിന്റെ ധനസഹായമായ 50,000 രൂപയുടെ ചെക്ക് മുൻ എംപി തോമസ് ചാഴികാടനിൽനിന്നു സെറിനിറ്റി ഹോമിനു വേണ്ടി സിസ്റ്റർ ആൻസൽ എസ്ഡി ഏറ്റുവാങ്ങി.
സാന്ത്വന പരിചരണം ലക്ഷ്യമാക്കി കാഞ്ഞിരപ്പള്ളി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സ്വരുമ പാലിയേറ്റീവ് കെയറിന്റെ പ്രവർത്തനങ്ങൾ കോട്ടയത്തേക്കുകൂടി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ട്രസ്റ്റ് ബിൽഡിംഗിൽ ഒരു ഓഫീസ് മുറിയും പ്രവർത്തനചെലവുകൾക്കായി പ്രതിമാസം നൽകുന്ന 64,400 രൂപയുടെ ചെക്കും ട്രസ്റ്റ് പ്രസിഡന്റ് ജോസഫ് എം. കള്ളിവയലിൽ സ്വരുമ പാലിയേറ്റീവ് കെയർ ഭാരവാഹികൾക്ക് കൈമാറി.
സീറോ മലബാർ സഭ കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ യോഗം ഉദ്ഘാടനം ചെയ്തു. കേരള കാത്തലിക് ട്രസ്റ്റ് പ്രസിഡന്റ് ജോസഫ് എം. കള്ളിവയലിൽ അധ്യക്ഷത വഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, തോമസ് ചാഴികാടൻ, ലൂർദ് ഫൊറോനാ വികാരി റവ.ഡോ. ഫിലിപ്പ് നെൽപ്പുരപറമ്പിൽ, കാത്തലിക് ട്രസ്റ്റ് ഡയറക്ടർമാരായ കെ.സി. ജോർജ് കരിമ്പൻമാക്കൽ, ഡോ. ജയിംസ് ജോസഫ് ഉറുമ്പിൽ എന്നിവർ പ്രസംഗിച്ചു.