25 കുടുംബങ്ങളുടെ പൊതുവഴിയെന്ന സ്വപ്നത്തിന് പിന്തുണയേകി അദാലത്ത്
1486218
Wednesday, December 11, 2024 7:24 AM IST
വൈക്കം: തലയാഴം പഞ്ചായത്ത് 13-ാം വാർഡിലെ കൊതവറ ശ്രീകുരുംബ -കായിപ്പുറം റോഡിനു സമീപമുള്ള 25 കുടുംബങ്ങളുടെ പൊതുവഴിയെന്ന സ്വപ്നത്തിന് കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്തിൽ മന്ത്രിമാരുടെ പിന്തുണ.
മന്ത്രിമാരായ വി.എൻ. വാസവനും റോഷി അഗസ്റ്റിനും പങ്കെടുത്ത വൈക്കം താലൂക്കിലെ കരുതലും കൈത്താങ്ങും പരാതിപരിഹാര അദാലത്തിൽ പൊതുവഴിക്കായി രൂപീകരിച്ച കമ്മിറ്റി നൽകിയ പരാതിയിലാണ് നടപടി. മത്സ്യത്തൊഴിലാളി കുടുംബങ്ങൾ താമസിക്കുന്ന സ്ഥലത്തേക്ക് പൊതുവഴിയില്ല.
ജനകീയ കമ്മിറ്റി മൂന്നു മീറ്റർ വീതിയിൽ 280 മീറ്റർ നീളത്തിൽ വഴി വെട്ടിയിട്ടുണ്ട്. വൈക്കം കാർഷിക വികസനബാങ്ക് ലേലത്തിൽ ഏറ്റെടുത്ത സ്ഥലത്തിൽനിന്ന് ഒരു ഭാഗം പൊതുവഴിക്കായി വിട്ടുനൽകിയും മരങ്ങൾ നീക്കിയും വഴി പൂർത്തീകരിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് അദാലത്തിൽ കമ്മിറ്റി പരാതി നൽകിയത്.
കാർഷിക വികസന ബാങ്കുമായി ബന്ധപ്പെട്ട് വഴി നൽകുന്നതിനുള്ള അടിയന്തരനടപടി സ്വീകരിക്കാൻ സഹകരണവകുപ്പ് വൈക്കം അസിസ്റ്റന്റ് രജിസ്ട്രാർക്ക് മന്ത്രി വി.എൻ.വാസവൻ നിർദ്ദേശം നൽകി. പഞ്ചായത്ത് അംഗം ഷീജഹരിദാസ് കമ്മിറ്റി ഭാരവാഹി എ.എൻ. സുധാകരനും അദാലത്തിൽ പങ്കെടുത്തു.