നെല്ല് സംഭരണവില വൈകാതെ ലഭിച്ചുതുടങ്ങും
1486086
Wednesday, December 11, 2024 5:19 AM IST
കോട്ടയം: വിരിപ്പുകൃഷിയില്‍ കര്‍ഷകരില്‍നിന്ന് സപ്ലൈകോ ഏറ്റെടുത്ത നെല്ലിന് വൈകാതെ പണം ബാങ്ക് അക്കൗണ്ടില്‍ വന്നുതുടങ്ങും. സംഭരണം രണ്ടു മാസം പിന്നിട്ടിരിക്കെ സപ്ലൈകോ നെല്ല് ഏറ്റെടുത്തതിന്റെ രസീത് (പിആര്‍എസ്) സ്വീകരിച്ചു തുടങ്ങി. നവംബര്‍ 15 വരെ നല്കിയ പിആര്എസുകള്ക്കാണ് വില നല്‍കുക. മില്ലുകളിലേക്ക് നെല്ല് അളന്നപ്പോള്‍ ലഭിച്ച പിആര്എസിലുള്ള തീയതിക്കുപകരം പാഡി മാര്‍ക്കറ്റിംഗ് ഓഫീസര്‍ പിആര്‍എസ് സ്ഥിരീകരിച്ച തീയതിയാണ് ഇനിമുതല്‍ മുന്‍ഗണനയുടെ മാനദണ്ഡമാക്കുക.
കര്‍ഷകര്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ മുഖേനയോ അക്ഷയകേന്ദ്രത്തിലൂടെയോ സപ്ലൈകോയുടെ വെബ് സൈറ്റിലെ പിആര്‍എസ് സ്റ്റാറ്റസ് നോക്കിയോ തീയതി മനസിലാക്കാം. ജില്ലാ പാഡി മാര്‍ക്കറ്റിംഗ് ഓഫീസില്‍നിന്നും വിവരം ലഭിക്കും. എസ്ബിഐ -കാനറാ ബാങ്ക് ശാഖകളിലൂടെയാണ് ഈ സീസണിലെ തുക വിതരണം. നെല്ലു സംഭരണ രജിസ്ട്രേഷന് നടത്തിയപ്പോള്‍ കര്‍ഷകര്‍ അക്കൗണ്ട് വിവരം നല്‍കിയിട്ടുള്ള അതേ ബാങ്കിലാണ് വില ലഭിക്കാനുള്ള അപേക്ഷ നല്‍കേണ്ടത്.
മുന്‍കാലങ്ങളില്‍ പിആര്‍എസ് വായ്പയ്ക്ക് നല്‍കിയിരുന്ന രേഖകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. ബാങ്ക് അപേക്ഷ പരിശോധിച്ച് വായ്പ അനുവദിക്കുന്ന കാര്യം സപ്ലൈകോയുടെ വെബ് സൈറ്റിലേക്ക് ലോഗിന്ചെയ്യും. സപ്ലൈകോ ഇത് പരിശോധിച്ച് അംഗീകാരം നല്‍കുന്നതോടെ വായ്പ അനുവദിക്കും. കര്‍ഷകരുടെ അക്കൗണ്ടിലേക്ക് ബാങ്ക് തുക കൈമാറും.