പാർക്കിംഗിനും ഭക്ഷണത്തിനും അമിത തുക: പതിനായിരം രൂപ പിഴയിട്ടു
1485866
Tuesday, December 10, 2024 6:51 AM IST
എരുമേലി: ശബരിമല തീർഥാടകരിൽനിന്ന് അമിത നിരക്ക് ഈടാക്കിയ പാർക്കിംഗ് ഗ്രൗണ്ട് ഉടമയ്ക്കും ഹോട്ടൽ ഉടമയ്ക്കും 5,000 രൂപ വീതം പിഴ ചുമത്തി റവന്യു വിജിലൻസ് സ്ക്വാഡ്. എരുമേലി ടൗണിലുള്ള പാർക്കിംഗ് ഗ്രൗണ്ടിലും ഹോട്ടലിലുമാണ് അമിത നിരക്ക് ഈടാക്കിയതായി പരിശോധന നടത്തിയ സ്ക്വാഡ് കണ്ടെത്തിയത്.
പാർക്കിംഗ് ഫീസ് 75 രൂപ ഈടാക്കേണ്ടതിന് പകരം 100 രൂപ വാങ്ങിയതായി കണ്ടെത്തി. 52 രൂപയ്ക്ക് പകരം ഹോട്ടലിൽ മസാലദോശയ്ക്ക് 60 രൂപ വീതം പത്ത് അയ്യപ്പഭക്തരിൽനിന്ന് ഈടാക്കിയതായി കണ്ടെത്തി. വിലവിവരപട്ടിക ഹോട്ടലിൽ പ്രദർശിപ്പിച്ചിരുന്നത് അവ്യക്തമായിട്ടായിരുന്നു. വിലവിവര പട്ടിക മറ്റൊരു പേപ്പർ വച്ച് മറച്ച നിലയിലായിരുന്നു. ഭക്ഷണത്തിന് നൽകിയ ബില്ലിൽ വിലവിവരം രേഖപ്പെടുത്തിയിരുന്നില്ല. ഹോട്ടലിന്റെ പേര്, സീരിയൽ നമ്പർ എന്നിവ ബില്ലിൽ ഇല്ലായിരുന്നു.
കഴിഞ്ഞ ദിവസവും ഈ ഹോട്ടലിൽ സമാനമായ അപാകതകൾ കണ്ടെത്തുകയും താക്കീതും മുന്നറിയിപ്പും നൽകിയതായിരുന്നുവെന്നും റവന്യു വിജിലൻസ് സ്ക്വാഡ് പറഞ്ഞു. ഡെപ്യൂട്ടി തഹസിൽദാർ ആർ. മഞ്ജുഷയുടെ നേതൃത്വത്തിലുള്ള സ്ക്വാഡാണ് പരിശോധന നടത്തിയത്.