വോട്ടെണ്ണലും ഫലപ്രഖ്യാപനവും ഇന്ന്
1486177
Wednesday, December 11, 2024 7:14 AM IST
അതിരമ്പുഴ: അതിരമ്പുഴ പഞ്ചായത്ത് മൂന്നാം വാർഡിലെ (ഐടിഐ വാർഡ്) ഇന്നലെ നടന്ന ഉപതെരഞ്ഞെടുപ്പിൽ 62.48 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. ഏറ്റുമാനൂർ ഗവൺമെന്റ് ഐടിഐയിൽ രാവിലെ എട്ടു മുതൽ വൈകുന്നേരം ആറു വരെയായിരുന്നു വോട്ടെടുപ്പ്. ഇന്ന് രാവിലെ 10ന് പഞ്ചായത്ത് ഓഫീസിൽ വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടക്കും.
കോൺഗ്രസിലെ ജോൺ ജോർജ് (രാജു കളരിക്കൽ) - യുഡിഎഫ്, കേരള കോൺഗ്രസ് എമ്മിലെ ടി.ഡി. മാത്യു (ജോയി തോട്ടനാനി) - എൽഡിഎഫ്, ബിജെപിയിലെ ഷാജി ജോൺ പാറശേരിൽ (എൻഡിഎ), വി.എം. ജോൺ വലിയപറമ്പിൽ (സ്വതന്ത്രൻ) എന്നിവരാണ് സ്ഥാനാർഥികൾ. യുഡിഎഫ്, എൽഡിഎഫ് മുന്നണികൾ തമ്മിലുള്ള ശക്തമായ മത്സരമാണ് നടന്നത്.
കോൺഗ്രസിലെ സജി തടത്തിൽ രാജിവച്ചതിനെത്തുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. സജി തടത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നു. യുഡിഎഫിലെ ധാരണപ്രകാരം കാലാവധി പൂർത്തിയായതിനെത്തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുകയായിരുന്നു. പിന്നീട് കുടുംബത്തോടൊപ്പം വിദേശത്തേക്ക് പോയപ്പോൾ മെംബർ സ്ഥാനം രാജിവച്ചു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സിപിഎമ്മിലെ രതീഷ് രത്നാകരനായിരുന്നു സജി തടത്തിലിന്റെ എതിർ സ്ഥാനാർഥി. ഉപതെരഞ്ഞെടുപ്പിൽ സിപിഎം തങ്ങളുടെ സീറ്റ് കേരള കോൺഗ്രസ് എമ്മിന് നൽകുകയായിരുന്നു. യുഡിഎഫിന്റെ എക്കാലത്തെയും ഉറച്ച സീറ്റ് പിടിച്ചെടുക്കുകയാണ് എൽഡിഎഫിന്റെ ലക്ഷ്യം. ഇരുമുന്നണികളും വിജയപ്രതീക്ഷയിലാണ്. തങ്ങളുടെ കുത്തക സീറ്റിൽ വിജയം കൈവിടില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് യുഡിഎഫ്. എന്നാൽ തങ്ങൾ അട്ടിമറി വിജയം നേടുമെന്ന് എൽഡിഎഫ് അവകാശപ്പെടുന്നു.