കൂട്ടിക്കൽ സാമൂഹികാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം: നിർമാണോദ്ഘാടനം നടത്തി
1486102
Wednesday, December 11, 2024 5:37 AM IST
കൂട്ടിക്കല്‍: കൂട്ടിക്കൽ സാമൂഹികാരോഗ്യ കേന്ദ്രത്തിനായി നിർമിക്കുന്ന കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ നിർവഹിച്ചു.
പ്രളയം കവര്‍ന്നെടുത്ത കൂട്ടിക്കല്‍, കൊക്കയാര്‍ പഞ്ചായത്തുകളിലെ ജനവിഭാഗങ്ങളോടുള്ള സര്‍ക്കാരിന്റെ പ്രത്യേക താല്‍പ്പര്യമാണ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള സാമൂഹികാരോഗ്യകേന്ദ്രത്തിന് ആധുനിക നിലവാരത്തിലുള്ള ബഹുനില കെട്ടിടം പണിയുന്നതിന് അഞ്ചു കോടി രൂപ അനുവദിച്ചിരിക്കുന്നതെന്ന് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ പറഞ്ഞു. കാലപ്പഴക്കം ചെന്ന കെട്ടിടം പൊളിച്ചുമാറ്റി ആധുനിക നിലവാരത്തിലുള്ള പുതിയ കെട്ടിട സമുച്ചയം ഒരു വര്‍ഷത്തിനകം നിർമാണം പൂര്‍ത്തീകരിക്കുമെന്നും എംഎല്‍എ കൂട്ടിച്ചേർത്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് അധ്യക്ഷത വഹിച്ചു. കെ.ജെ. തോമസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാപഞ്ചായത്തംഗം ശുഭേഷ് സുധാകരന്, പഞ്ചായത്ത് പ്രസിഡന്റുമാരായ ബിജോയി മുണ്ടുപാലം, മോളി ഡൊമിനിക്ക്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി,
ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ടി.ജെ. മോഹനന്, ജയശ്രീ ഗോപിദാസ്, ഷക്കീല നസീര്‍, സാജന് കുന്നത്ത്, ടി.എസ്. കൃഷ്ണകുമാര്‍, പി.കെ. പ്രദീപ്, ജോഷി മംഗലം, അനുഷിജു, ഡാനി ജോസ്, രത്നമ്മ രവീന്ദ്രന്, കൂട്ടിക്കൽ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവര്‍ പ്രസംഗിച്ചു.