വൈക്കം നഗരത്തിൽ തെരുവുനായശല്യം രൂക്ഷമായി
1485903
Tuesday, December 10, 2024 7:13 AM IST
വൈക്കം: വൈക്കം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവുനായ ശല്യം രൂക്ഷമാകുന്നതായി പരാതി. കവരപ്പാടിനട, അയ്യർകുളങ്ങര, കച്ചേരിക്കവല, കൊച്ചു കവല, കോവിലകത്തും കടവ് മാർക്കറ്റ്, തോട്ടു വക്കം പടിഞ്ഞാറെ പാലം, പടിഞ്ഞാറെ ഗോപുരം, തെക്കേനട തുടങ്ങിയ സ്ഥലങ്ങളിലും ഉൾപ്രദേശങ്ങളിലും കൂട്ടമായെത്തുന്ന നായ്ക്കൾ ജനജീവിതത്തിന് കടുത്ത ഭീഷണിയാകുകയാണ്.
സ്കൂളുകളിലേക്ക് വരുന്ന വിദ്യാർഥികൾ പലപ്പോഴും സമീപവീടുകളിലേക്ക് ഓടിക്കയറിയാണ് ജീവൻ രക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം നഗരത്തിൽ പത്രവിതരണക്കാരനായ ജോർജ്, നായ്ക്കൾ കൂട്ടമായി ഇരുചക്ര വാഹനത്തിന് നേർക്ക് പാഞ്ഞടുത്തപ്പോൾ വീണ് ഗുരുതരമായി പരിക്കേറ്റിരുന്നു.തെക്കേനടയിൽ പ്രദേശവാസിയായ രാജു തലനാരിഴയ്ക്കാണ് നായ്ക്കളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്.
കാളിയമ്മനട ക്ഷേത്രത്തിലേക്കു വന്ന നഗരസഭ മുൻചെയർ പേഴ്സൺ രാധികാ ശ്യാം കൂട്ടമായി ആക്രമിക്കാനെത്തിയ നായ്ക്കളിൽ നിന്ന് രക്ഷപ്പെട്ട് ഓടുകയായിരുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പാണ് തോട്ടുവക്കത്ത് ഒരു നായ അഞ്ചുപേരെയാണ് കടിച്ചു പരിക്കേൽപിച്ചത്. പിന്നീട് പരിശോധനയിൽ ഈ നായ്ക്ക് പേവിഷബാധയുണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ കൗൺസിലിന്റെ കാലത്ത് നടപ്പാക്കിയ എബിസി പദ്ധതി നിലച്ചതാണ് നഗരത്തിൽ നായ്ക്കൾ പെരുകാൻ ഇടയാക്കിയത്