വൈക്കത്ത് സത്യഗ്രഹ സ്മാരകം നിർമിക്കും: മന്ത്രി വി.എൻ.വാസവൻ
1486221
Wednesday, December 11, 2024 7:24 AM IST
വൈക്കം: വൈക്കം സത്യഗ്രഹ സമരത്തിന്റെ ശതാബ്ദി ആഘോഷത്തിന്റെ സമാപനം 2025 മാർച്ചിലാണെന്നും സമരത്തിന്റെ സ്മരണകൾ അവിസ്മരണീയമാക്കുന്ന തരത്തിൽ ഉചിതമായ സ്മാരകം തീർക്കുന്ന കാര്യം സർക്കാർ ചർച്ച ചെയ്തു വരികയാണെന്ന് മന്ത്രി വി.എൻ.വാസവൻ.
നവീകരിച്ച തന്തൈ പെരിയോർ സ്മാരകത്തിന്റെ ഉദ്ഘാടനവും തമിഴ്നാടിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന വൈക്കംസത്യഗ്രഹ സമരശതാബ്ദി ആഘോഷ സമാപന സമ്മേളനവുമായി ബന്ധപ്പെട്ട് തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് മന്ത്രി എ.വി. വേലുവുമൊത്ത് വൈക്കത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
തമിഴ്നാട് സർക്കാർ വലിയ കവലയിൽ നിർമിച്ച തന്തൈ പെരിയോർ സ്മാരകം നവീകരിച്ച് പുതുതലമുറയ്ക്ക് സത്യഗ്രഹ സമരത്തെക്കുറിച്ച് അവബോധം നൽകണമെന്ന മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ പ്രത്യേക താത്പര്യത്തിലാണ് എട്ടരക്കോടി രൂപ വിനിയോഗിച്ചു വിപുലമായ സൗകര്യങ്ങളോടെ മ്യൂസിയവും ഗ്രന്ഥശാലയുമടക്കം പുനർനിർമ്മിച്ചതെന്ന് തമിഴ്നാട് പൊതുമരാമത്ത് മന്ത്രി ഇ. വി.വേലു അഭിപ്രായപ്പെട്ടു.