ഡ്രൈവര്‍ക്ക് ഹൃദയാഘാതം; സ്വകാര്യബസ് ഡിവൈഡറില്‍ ഇടിച്ചുകയറി
1485876
Tuesday, December 10, 2024 6:51 AM IST
ചങ്ങനാശേരി: സ്വകാര്യബസ് ഓടിക്കുന്നതിനിടയില്‍ ഡ്രൈവര്‍ക്ക് ഹൃദയാഘാതം. നിയന്ത്രണംവിട്ട ബസ് ഡിവൈഡറില്‍ ഇടിച്ചുകയറിനിന്നു. ചങ്ങനാശേരി-വാഴൂര്‍ റോഡില്‍ കുരിശുംമൂട് ജംഗ്ഷനില്‍ ഇന്നലെ രാവിലെ 7.05നാണ് അപകടം.
സ്വകാര്യബസ് ഡ്രൈവര്‍ വെള്ളാവൂര്‍ സ്വദേശി മുണ്ടപ്ലാക്കല്‍ പ്രദീപ് ആര്. നായരെ (49) ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ല. 5.45ന് ചുങ്കപ്പാറയില്‍നിന്നു പുറപ്പെട്ട് ചങ്ങനാശേരിയിലേക്കു വരികയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.
നിയന്ത്രണംവിട്ട ബസ് കുരിശുംമൂട് ജംഗ്ഷനിലെ ഡിവൈഡറില്‍ ഇടിച്ചുകയറി പരസ്യബോര്‍ഡിന്റെ തൂണും ഇടിച്ചുതകര്‍ത്താണ് നിന്നത്.
ബസ് ഡിവൈഡറില്‍ ഇടിച്ചുനിന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. തൊട്ടടുത്ത് ഹോട്ടലും ഓട്ടോ സ്റ്റാന്‍ഡില്‍ നിരവധി ഓട്ടോകളും ബസ് സ്റ്റോപ്പില്‍ യാത്രക്കാരും ഉണ്ടായിരുന്നു. രാവിലത്തെ സമയമായിരുന്നതിനാല്‍ ബസില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധി യാത്രക്കാരും ഉണ്ടായിരുന്നു.
അപകടത്തെ തുടര്‍ന്ന് ചങ്ങനാശേരി മുതല്‍ തെങ്ങണവരെ ഗതാഗതക്കുരുക്കുണ്ടായി. ചങ്ങനാശേരി, തൃക്കൊടിത്താനം പോലീസ് സ്റ്റേഷനുകളിലെ പോലീസ് എത്തി ദീര്‍ഘനേരം പണിപ്പെട്ടാണ് ഗതാഗതക്കുരുക്കഴിച്ചത്. അപകടത്തില്‍പ്പെട്ട ബസും നീക്കം ചെയ്തു. ബസിനും നാശനഷ്ടം നേരിട്ടിട്ടുണ്ട്.