തൃക്കൊടിത്താനത്ത് മതസൗഹാര്‍ദ സന്ദേശമുയര്‍ത്തി കിഴക്കോട്ടെഴുന്നള്ളിപ്പ്
1486224
Wednesday, December 11, 2024 7:24 AM IST
തൃക്കൊടിത്താനം: മഹാക്ഷേത്രത്തിലെ ദീപമഹോത്സവത്തിന്റെ ഭാഗമായി നടന്ന കിഴക്കോട്ടെഴുന്നള്ളിപ്പ് മതസൗഹാര്‍ദ്ദത്തിന്റെ ശംഖനാഥമായി. ക്ഷേത്രംവക കോട്ടമുറി കാണിക്കമണ്ഡപം വരെയാണ് കിഴക്കോട്ടെഴുന്നള്ളിപ്പ് നടന്നത്. കോട്ടമുറി ഹൈന്ദവ സേവാസമിതിയുടെ നേതൃത്വത്തില്‍ സ്വീകരണം ഏറ്റുവാങ്ങി തുടര്‍ന്ന് എന്‍എസ്എസ് കരയോഗങ്ങള്‍, വിവിധ സ്വാശ്രയസംഘങ്ങള്‍, വിവിധ സമുദായ സംഘടനകള്‍ ദേശവിളക്കുകമ്മറ്റി എന്നിവര്‍ വരവേല്‍പ്പ് നല്കി.
കുന്നുംപുറം ജംഗ്ഷനില്‍ സെന്റ് സേവ്യേഴ്സ് ഫൊറോന പള്ളി അസിസ്റ്റന്റ് വികാരി ഫാ. സാവിയോ മാനാട്ട് ക്ഷേത്രോപദേശകസമിതി പ്രസിഡന്റ് ബി. രാധാകൃഷ്ണമേനോന് പണക്കിഴി കൈമാറി സൗഹൃദം പങ്കുവച്ചു. തുടര്‍ന്നു നടന്ന മതസൗഹാര്‍ദ സമ്മേളനത്തില്‍ ബി. രാധാകൃഷ്ണമേനോന്, മോണ്‍. ആന്റണി എത്തക്കാട്ട്, ദേശവിളക്കു കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത്, വടക്കേല്‍ കുടുംബയോഗം, ഗുരുഗുഹാനന്ദപുരം ക്ഷേത്രം, വിവിധ സ്ഥാപനങ്ങള്‍ എന്നിവയുടെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി എഴുന്നള്ളിപ്പ് ക്ഷേത്രത്തിലേക്ക് എത്തിച്ചേര്‍ന്നു. ക്ഷേത്രോപദേശസമിതിയും തിരുവത്സവക്കമ്മറ്റിയും കിഴക്കോട്ടെഴുന്നള്ളിപ്പിനു നേതൃത്വം നല്കി.