പേട്ട ഗവൺമെന്റ് സ്കൂള്‍ മുതല്‍ പൂതക്കുഴിവരെ അപകടമേഖല
1486095
Wednesday, December 11, 2024 5:37 AM IST
സുരക്ഷ ഒരുക്കണമെന്ന ആവശ്യം ശക്തം
കാഞ്ഞിരപ്പള്ളി: ദേശീയപാത 183ല്‍ പേട്ട ഗവൺമെന്റ് സ്കൂള്‍ മുന്‍ഭാഗംമുതല്‍ പൂതക്കുഴിവരെയുള്ള ഭാഗത്ത് അപകടം പതിവാകുന്നതിനാല് സുരക്ഷാസംവിധാനം ഒരുക്കണമെന്ന ആവശ്യം ശക്തമാകുന്നു. കഴിഞ്ഞ ദിവസം പേട്ട ഗവൺമെന്റ് സ്കൂളിനുസമീപം ബൈക്ക് ടൂറിസ്റ്റ് ബസില്‍ ഇടിച്ച് മറിഞ്ഞു യുവാവ് മരണമടഞ്ഞിരുന്നു.
ഒരു വര്‍ഷം മുന്‍പു സ്വകാര്യ ബസില്‍ ബൈക്ക് ഇടിച്ചു രണ്ടു മരണം സംഭവിച്ചിരുന്നു. പ്രദേശത്തു ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ഉണ്ടാകുന്നത്. സ്കൂളിലെയും ഐഎച്ച്ആര്‍ഡി കോളജിലെയും വിദ്യാര്‍ഥികള്‍ക്കു റോഡ് മുറിച്ചു കടക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണ്. റോഡിനിരുവശത്തുമുള്ള അനധികൃത പാർക്കിംഗ്,
പാതകളിലേക്കുള്ള കൈയേറ്റം, കണ്ടം ചെയ്യാറായ വാഹനങ്ങളുടെ പാർക്കിംഗ്, വഴിവാണിഭം, ആക്രി കച്ചവടം, റോഡിന്റെ വീതി കുറവ്, റോഡിലേക്കു തള്ളി നിൽക്കുന്ന വൈദ്യുതി പോസ്റ്റുകൾ, ഇരുവശങ്ങളിലേക്കുള്ള വാഹനത്തിരക്ക്, ഇടുങ്ങിയ ഭാഗത്തുകൂടി വാഹനങ്ങളെ മറികടക്കുന്നതു തുടങ്ങിയവ അപകടങ്ങള്‍ക്കു കാരണമാകുന്നുണ്ട്.
പേട്ട സ്കൂള്‍ - നാച്ചിപ്പറമ്പ് റോഡില്‍ നിന്ന് ദേശീയപാതയിലേക്കു വാഹനങ്ങള്‍ പ്രവേശിക്കുന്നതും ഗതാഗത കുരുക്കിനു കാരണമാകുന്നുണ്ട്. അനധികൃത കൈയേറ്റങ്ങൾ ഒഴിവാക്കണമെന്നും പ്രദേശത്ത് അമിത വേഗം നിയന്ത്രിക്കുന്നതിനു സംവിധാനങ്ങള്‍ ഒരുക്കണമെന്നുമുള്ള ആവശ്യമാണ് ഉയരുന്നത്.