ട്രാവന്‍കൂര്‍ സിമന്റ്സില്‍ വീണ്ടും ശമ്പള പ്രതിസന്ധി
1486176
Wednesday, December 11, 2024 7:14 AM IST
യൂണിയന് നേതാക്കളുമായി മാനേജ്മെന്റ് ചര്‍ച്ച നടത്തി
കോട്ടയം: പൊതുമേഖലാ സ്ഥാപനമായ നാട്ടകം ട്രാവന്‍കൂര്‍ സിമന്റ്സില്‍ വീണ്ടും ശന്പള പ്രതിസന്ധി. കഴിഞ്ഞ 11 മാസമായി ശമ്പളം മുടങ്ങിയതോടെ 130ഓളം വരുന്ന ജീവനക്കാരാണ് ബുദ്ധിമുട്ടിലായിരിക്കുന്നത്.
നിലവില്‍ ഫാക്ടറിയില്‍ ഉത്പാദിച്ചു സൂക്ഷിച്ചിരിക്കുന്ന 250 ടണ്‍ വൈറ്റ് സിമന്റ് അടിയന്തരമായി വില്പന നടത്തി പ്രതിസന്ധിക്ക് താത്കാലിക പരിഹാരമുണ്ടാക്കുവാനാണ് ട്രാവന്‍കൂര്‍ സിമന്റ്സ് എംപ്ലോയിസ് യൂണിയന് (ഐഎന്‍ടിയുസി), മാനേജ്മെന്റുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനിച്ചിരിക്കുന്നത്.
യൂണിയന് പ്രസിഡന്റ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എയുടെ നേതൃത്വത്തില്‍ സിമന്റ്സ് ചെയര്മാന് സണ്ണി തെക്കേടം, മാനേജിംഗ് ഡയറക്ടര്‍ ഉല്ലാസ് കുമാര്‍ തുടങ്ങിയവരുമായിട്ടാണ് ചര്‍ച്ച നടത്തിയത്. വൈറ്റ് സിമന്റ് വിറ്റഴിക്കുന്നതിന് ഏജന്‍സികളെ സമീപിച്ച് അടിയന്തരമായി നടപടി സ്വീകരിക്കുമെന്ന് മാനേജ്മെന്റ് അധികൃതര്‍ ഉറപ്പ് നല്കി. ഇതിലൂടെ താത്കാലികമായി ശമ്പള പ്രശ്നത്തിനു പരിഹാരം കാണുന്നതിനൊപ്പം അസംസ്കൃത വസ്തു വാങ്ങി ഉത്പാദനം വര്‍ധിപ്പിക്കുവാനും നടപടിയെടുക്കും.
കൂടാതെ കമ്പനിയുടെ ഫാക്ടറിയുടെ സുഗമമായ നടത്തിപ്പിനു സര്‍ക്കാരില്‍നിന്നും പ്രവര്‍ത്തന മൂലധനം വേണമെന്ന ആവശ്യം ഉന്നയിക്കുമെന്നും ചര്‍ച്ചയ്ക്കുശേഷം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ പറഞ്ഞു. ഫാക്ടറിയുടെ ഇപ്പോഴത്തെ ശോച്യാവസ്ഥയ്ക്ക് പരിഹാരം കാണണമെന്നുള്ള ആവശ്യവും യൂണിയനുകള്‍ ഉന്നയിച്ചിട്ടുണ്ട്.
അതേസമയം കമ്പനിയുടെ നിലവിലെ സാമ്പത്തിക സ്ഥിതി അനുസരിച്ച് ഉത്പാദനവും വിപണനത്തിലുമുള്ള കുറവ് മാത്രമേ ഉണ്ടായിട്ടുള്ളുയെന്നും പ്രവര്‍ത്തന മൂലധനത്തിന്റെ അഭാവം മൂലം ഇപ്പോള്‍ അസംസ്കൃത വസ്തുക്കള്‍ സ്ഥിരമായി വാങ്ങുന്നതിനുള്ള ബുദ്ധിമുട്ട് മാത്രമെ നേരിടുന്നുള്ളൂവെന്നും മാനേജ്മെന്റ് അധികൃതരും വ്യക്തമാക്കി.
എറണാകുളം കാക്കനാട്ടുള്ള കമ്പനിയുടെ സ്ഥലം വില്പന നടത്തി നിലവിലെ ബാധ്യത കൊടുത്തു കഴിഞ്ഞതായും ഉത്പാദനം കൂട്ടി വിപണനം നടത്തി കമ്പനി ലാഭത്തിലാക്കാമെന്ന പ്രത്യാശയാണ് ഫാക്ടറിക്കുള്ളതെന്നും ചെയര്മാന് സണ്ണി തെക്കേടം അറിയിച്ചു.