പന്നഗം തോട്ടിലെ മാലിന്യപ്രശ്നത്തിനു പരിഹാരം തേടി പഞ്ചായത്ത്
1486178
Wednesday, December 11, 2024 7:14 AM IST
അകലക്കുന്നം: ഗ്രാമപഞ്ചായത്തിലെ പന്നഗം തോട്ടിൽ മാലിന്യം അടിഞ്ഞുകൂടി നീരൊഴുക്ക് തടസപ്പെടുന്ന പ്രശ്നം പരിഹരിക്കുന്നതിന് പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ തീരുമാനിച്ചു. രണ്ടാം വാർഡ് മെംബറും വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷയുമായ ശ്രീലതാ ജയൻ, പതിനാലാം വാർഡ് മെംബർ ബെന്നി വടക്കേടം എന്നിവരെ ഇക്കാര്യം ചുമതലപ്പെടുത്തി.
പന്നഗം തോട്ടിൽ ഒഴുക്കിൽ അടിഞ്ഞുകൂടുന്ന മണൽ നീക്കംചെയ്യാതെ കിടക്കുന്നതും വെള്ളപ്പൊക്കത്തിന് കാരണമാകുന്നുണ്ട്. അത്തരത്തിൽ അടിഞ്ഞുകൂടിക്കിടക്കുന്ന മണൽ നീക്കംചെയ്യുന്നതിനുള്ള അനുമതി ആവശ്യപ്പെട്ടുകൊണ്ട് ഇറിഗേഷൻ വകുപ്പിന് കത്ത് നൽകുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തു.
പ്രാദേശികമായി ജനകീയ സമിതി രൂപീകരിച്ച് പ്രശ്ന പരിഹാരത്തിന് അവരെക്കൂടി പങ്കാളികളാക്കുന്നതിനും യോഗം നിർദേശിച്ചു.
കർഷക കോണ്ഗ്രസ് സംസ്ഥാന നിർവാഹകസമിതിയംഗം വിനോദ് മഞ്ഞാമറ്റം ജില്ലാ കളക്ടർക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പഞ്ചായത്ത് കമ്മിറ്റി യോഗം കൂടി ഇക്കാര്യം തീരുമാനിച്ചത്.